ഹൈദരാബാദ്:കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവുമായി ചർച്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ശനിയാഴ്‌ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ കിഷോർ ഞായറാഴ്‌ചയും ചർച്ച തുടർന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം കൂടിക്കാഴ്‌ച എന്തിനാണെന്നതിനെ കുറിച്ച് ടിആർഎസിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കൂടിക്കാഴ്‌ച അഭ്യൂഹങ്ങൾക്കിടെ: ഇരുവരും രാജ്യത്തെ സമകാലിക രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്‌തതായും തെലങ്കാനയിൽ തന്‍റെ സംഘം നടത്തിയ സർവേകളുടെ വിശദാംശങ്ങൾ കിഷോർ സമർപ്പിച്ചതായും സൂചനയുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനിടെ കെസിആറുമായുള്ള കിഷോറിന്‍റെ കൂടിക്കാഴ്‌ച പ്രാധാന്യമർഹിക്കുന്നതാണ്.
ഇടപെട്ട് കെടിആർ:അതേസമയം തെലങ്കാന മുഖ്യമന്ത്രിയുമായുള്ള പ്രശാന്ത് കിഷോറിന്‍റെ ചർച്ച തുടർച്ചയായ രണ്ടാം ദിവസവും തുടർന്നതോടെ, പാർട്ടിക്കുവേണ്ടി ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (I-PAC) പ്രവർത്തിക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ടിആർഎസ് വർക്കിങ് പ്രസിഡന്‍റ് കെ.ടി രാമറാവു. എന്നാൽ പ്രശാന്ത് കിഷോറിനൊപ്പമല്ല, ഐ-പാക്കുമായി ചേർന്നാണ് ടിആർഎസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.