ജയ്‌പൂര്‍ (രാജസ്ഥാന്‍):അന്താരാഷ്‌ട്ര വയോജന ദിനമായ ഒക്‌ടോബര്‍ ഒന്നിന് രാജസ്ഥാനിലെ പ്രായം കൂടിയ വോട്ടര്‍മാരെ ആദരിക്കും. സംസ്ഥാനത്തെ 33 ജില്ലകളിലായി നൂറ് വയസ്സിന് മുകളിലുള്ള 14,976 വോട്ടര്‍മാരാണുള്ളത്. സംസ്ഥാന ചീഫ് ഇലക്‌ടറൽ ഓഫിസർ നടത്തിയ മുതിർന്ന വോട്ടർമാരുടെ ഫിസിക്കൽ വെരിഫിക്കേഷനിലാണ് നൂറ് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഇത്രയും ആളുകള്‍ സംസ്ഥാനത്തുള്ളതായി കണ്ടെത്തിയത്.
ഇതില്‍ പ്രായം കൂടിയ ഏറ്റവുമധികം വോട്ടര്‍മാരുള്ളത് ജുന്‍ജുനുവിലാണ്. നൂറ് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1688 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ജുൻജുനുവിന് ശേഷം ജയ്പൂരിൽ 1,126 പേരും, ഉദയ്പൂരിൽ 968 പേരും, ഭിൽവാരയിൽ 844 പേരുമാണ് നൂറുവയസ്സും അതിന് മുകളിലുമുള്ളവര്‍. സിക്കാറിൽ 828 , പാലിയിൽ 820 , ജയ്‌സാൽമീറിൽ 153 , ധോൽപൂരിൽ 121, ടോങ്കിൽ 103 ചുരുവിൽ 96 എന്നിങ്ങനെയാണ് പ്രായമുള്ള വോട്ടര്‍മാരുടെ കണക്ക്. 73 പേരുമായി ബാരനാണ് പട്ടികയില്‍ ഏറ്റവും കുറവ്.