ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ 'വിക്‌സിത് ഭാരത് സങ്കല്‍പ് യാത്ര' നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. സര്‍ക്കാരിന്‍റെ പദ്ധതികളെയും പരിപാടികളെയും പരിചയപ്പെടുത്തി കൊണ്ടുള്ള വിക്‌സിത് ഭാരത് സങ്കല്‍പ് യാത്ര നടത്തരുതെന്ന് കമ്മിഷന്‍ വ്യാഴാഴ്‌ച കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാഗലാന്‍ഡിലെ താപി മണ്ഡലത്തിലും ജില്ല രഥപ്രഭാരിമാരെ നിയമിക്കരുതെന്നും നിര്‍ദേശമുണ്ട്.
2023 നവംബർ 20 ന് ആരംഭിക്കുന്ന നിർദിഷ്‌ട 'വിക്‌സിത് ഭാരത് സങ്കൽപ് യാത്ര'യുടെ പ്രത്യേക ഓഫിസർമാരായി ജില്ല രഥപ്രഭാരികളായി മുതിർന്ന ഉദ്യോഗസ്ഥരെ നാമനിർദേശം ചെയ്യുന്നത് സംബന്ധിച്ചും മന്ത്രാലയങ്ങള്‍ക്കയച്ച കത്തില്‍ കമ്മിഷന്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം തുടങ്ങി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഡിസംബര്‍ അഞ്ച് വരെ മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നായിരുന്നു കമ്മിഷന്‍റെ നിര്‍ദേശം.