ന്യൂഡല്‍ഹി:2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്ത്യ ഇന്‍റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്‍റിലെ (ഐഐഐഡിഇഎം) ഉദ്യോഗസ്ഥരെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിശീലിപ്പിക്കാന്‍ ഒരുങ്ങുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് അറിയിച്ചത്. ന്യൂഡല്‍ഹിയിലെ ദ്വാരകയിലുള്ള ഐഐഐഡിഇഎമ്മിലെ ഹോസ്‌റ്റല്‍ ബ്ലോക്കിന്‍റെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രതികരണം.
എല്ലാ മാർഗനിർദേശങ്ങളും വിവരങ്ങളും ഫോമുകളും ക്രോഡീകരിക്കുകയും പ്രാമാണികമാക്കുകയും ചെയ്‌തതോടെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ വളരെ ദൃഢമാണ്. എളുപ്പമുള്ള റഫറൻസ്, പരിശോധന, സമ്പര്‍ക്കം എന്നിവയ്‌ക്കായി അവ നിര്‍മിത ബുദ്ധിയുമായി സംയോജിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ എഐ മാര്‍ഗങ്ങളുപയോഗിച്ച് സ്വയം പരിശീലനത്തിനായി പരിശീലന ഉള്ളടക്കവും പരിശീലന രീതികളും രൂപകല്പന ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഐഐഐഡിഇഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാല്‍ തന്നെ ഐഐഐഡിഇഎം മറ്റ് ജനാധിപത്യ രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള സഹകരണം വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഐഐഡിഇഎമ്മിനെക്കുറിച്ച് വാചാലരായി:ജനാധിപത്യത്തെ ചുറ്റിപ്പറ്റിയുള്ള ചിന്താ പ്രക്രിയകളുടെയും സംവാദങ്ങളുടെയും ചർച്ചകളുടെയും ഒരു കലവറയായി ഐഐഐഡിഇഎം മാറണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സർക്കാരിലെ "മികച്ച പരിശീലനം ലഭിച്ച" ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ അദ്ദേഹം, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ട്രെൻഡുകൾക്ക് ഐഐഐഡിഇഎം പൊരുത്തപ്പെടേണ്ടതുണ്ടെന്നും ഗോയൽ വ്യക്തമാക്കി.