ന്യൂഡൽഹി:വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉടൻ ഉപതെരഞ്ഞെടുപ്പില്ല. ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് അപ്പീൽ നൽകാൻ വിചാരണ കോടതി ഒരു മാസത്തെ സമയം അനുവദിച്ച സാഹചര്യത്തിൽ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
'വിചാരണ കോടതി രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയ പരിധി തീരുന്നതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തിടുക്കമില്ല. ഒരു മാസം കാത്തിരിക്കാം. അതിന് ശേഷം വേണ്ട നടപടി സ്വീകരിക്കും', മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. വയനാട്ടിലെ ഒഴിവ് മാര്‍ച്ച് 23ന് വിജ്ഞാപനം ചെയ്‌തിട്ടുണ്ടെന്നും നിയമ പ്രകാരം ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തെണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
അതേ സമയം ശേഷിക്കുന്ന കാലാവധി ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് വിഷയത്തില്‍ ഒരു വര്‍ഷത്തില്‍ അധികം കാലാവധി ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരം. വയനാട് എംപി ആയിരുന്ന രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനൊപ്പം വയനാട് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കുമെന്നും സൂചന ഉണ്ടായിരുന്നു. എന്നാല്‍ വയനാട് ലോക്‌സഭ മണ്ഡല വിഷയത്തില്‍ 30 ദിവസത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരം.
Also Read: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ മെയ് 13ന്
കള്ളന്മാരുടെയെല്ലാം പേരിനൊപ്പം മോദി: മോദി വിഭാഗത്തിനെതിരായ മാനനഷ്‌ട കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നടത്തിയ പ്രസ്‌താവനയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തെ കള്ളന്മാരുടെയെല്ലാം പേരിനൊപ്പം മോദി ഉണ്ട് എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഗുജറാത്തിലെ വജ്ര വ്യാപാരി നീരവ് മോദിയേയും ഉദ്ദേശിച്ചായിരുന്നു രാഹുലിന്‍റെ പ്രസ്‌താവന. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തിനാകെ അപകീര്‍ത്തി പരമാണെന്ന് കാണിച്ച് ബിജെപി നേതാവും ഗുജറാത്ത് എംഎല്‍എയുമായ പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചതോടെ വിഷയം രൂക്ഷമായി.
2021 ല്‍ കേസുമായി ബന്ധപ്പെട്ട് സൂറത്ത് കോടതിയില്‍ രാഹുല്‍ ഗാന്ധി ഹാജരായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മറ്റുള്ളവരെ അപകീര്‍ത്തി പെടുത്തുന്നതാണ് എന്ന് നിരീക്ഷിച്ച ജസ്റ്റിസ് എച്ച് എച്ച് വര്‍മയാണ് രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. ഇപ്പോള്‍ ഇതൊരു കുറ്റമായി കണക്കാക്കിയില്ലെങ്കില്‍ നാളെ മറ്റുള്ളവരും ഇത്തരം പരാമര്‍ശം തുടരുമെന്നും ശിക്ഷ വിധിച്ചില്ലെങ്കില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി.
വിധി വന്നതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയം അനുവദിക്കുകയും ചെയ്‌തു. അതേസമയം 2023 ഫെബ്രുവരി വരെ ഉണ്ടായ ഒഴിവുകളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. കര്‍ണാടകയില്‍ മെയ് 10നാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് വോട്ടെണ്ണും.