ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് നല്ല ആശയമാണെന്നും ഒരേസമയം എല്ലാ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രാപ്തമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുശീല്‍ ചന്ദ്ര. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ഭരണഘടനയില്‍ ഭേദഗതി വേണമെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരുമിച്ചുള്ളവയായിരുന്നു എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പിന്നീട് കാലവധി പൂര്‍ത്തിയാകാതെ ചില നിയമസഭകള്‍ പിരിച്ചു വിട്ടു. ചിലപ്പോള്‍ ലോക്‌സഭ പിരിച്ചുവിട്ടു. അങ്ങനെയാണ് ഒരേസമയം രാജ്യത്താകെയുള്ള നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കാതെ വന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
കൊവിഡ് കാരണം തെരഞ്ഞെടുപ്പ് റാലികളും പദയാത്രകളും നിരോധിച്ചത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതൃത്വവും തീരുമാനത്തോട് യോജിച്ചെന്നും സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോക്കോള്‍, തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം എന്നിവ ലംഘിച്ചതിന് 2,270 കേസുകളാണ് അഞ്ച് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവതരിപ്പിച്ച 'നിങ്ങളുടെ സ്ഥാനാര്‍ഥിയെ അറിയുക' എന്ന ആപ്പ് വലിയ വിജയമായിരുന്നെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ആപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 6,900 സ്ഥാനാര്‍ഥികളില്‍ 1,600 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
ALSO READ:പഞ്ചസഭായുദ്ധത്തില്‍ ആര് വാഴും ആര് വീഴും ; ഫലമറിയാന്‍ മണിക്കൂറുകള്‍, സമഗ്ര അവലോകനം