പനാജി: ഗോവയിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് അടിതെറ്റി. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയോടൊപ്പം മുന്നണിയുണ്ടാക്കി എല്ലാ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും വിജയം നേടാൻ തൃണമൂൽ കോൺഗ്രസിനായില്ല. അതേസമയം എംജിപിക്ക് മൂന്ന് മണ്ഡലങ്ങൾ പിടിച്ചെടുക്കാനായി.
ഗോവ പാർട്ടി അധ്യക്ഷൻ കിരൺ കണ്ടോൽക്കർ, അദ്ദേഹത്തിന്‍റെ ഭാര്യ കവിത കണ്ടോൾക്കർ, പാർട്ടി നോമിനി ചർച്ചിൽ അലെമാവോ അദ്ദേഹത്തിന്‍റെ മകൾ വാലാങ്ക എന്നിവരുൾപ്പെടെ തൃണമൂലിന്‍റെ എല്ലാ പ്രമുഖ സ്ഥാനാർഥികളും പിന്നാക്കം പോയി.
'ജനങ്ങളുടെ ഈ തീരുമാനം എല്ലാ വിനയത്തോടെയും ഞങ്ങൾ സ്വീകരിക്കുന്നു. നിങ്ങളുടെ വിശ്വാസവും സ്‌നേഹവും നേടിയെടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ സേവനത്തിനായി ഞങ്ങൾ ഇവിടെത്തന്നെ തുടരും,' ടിഎംസി ട്വീറ്റ് ചെയ്‌തു.
ALSO READ:തെരഞ്ഞടുപ്പ് വിജയാഘോഷ റാലികൾക്കുള്ള വിലക്ക് നീക്കി ഇലക്ഷൻ കമ്മിഷൻ
അതേസമയം ഗോവയിൽ ബിജെപി ഭരണം തുടരുമെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആകെയുള്ള 40 സീറ്റുകളിൽ 20 മണ്ഡലങ്ങൾ ബിജെപി സ്വന്തമാക്കിക്കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിനായി ഒരു സീറ്റുമാത്രമാണ് കുറവ്. അതേസമയം കഴിഞ്ഞ തവണ 17 സീറ്റുകൾ നേടിയ കോണ്‍ഗ്രസിന് ഇത്തവണ 11 സീറ്റുകൾ മാത്രമേ നേടാനായുള്ളു.