അസമിൽ 80 കടന്ന് പോളിങ് ശതമാനം, ബംഗാളിലും പുതുച്ചേരിയിലും 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 60 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 65.11 ശതമാനവും പുതുച്ചേരിയിൽ 78.13 ശതമാനവുമാണ് പോളിങ്. അസമിൽ 82.29 ശതമാനവും പശ്ചിമ ബംഗാളിൽ 77.68 ശതമാനവും വോട്ട് രേഖപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കനത്ത പോളിങ് # Live Updates - pondichery election 2021 news
19:08 April 06
പോളിങ് സമയം അവസാനിച്ചു
19:03 April 06
അസമിൽ പോളിങ് അവസാനിച്ചു
സംസ്ഥാനത്തെ അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ പോളിങ് സമയം അവസാനിച്ചു.
18:48 April 06
കൊവിഡ് ബാധിതയായ ഡിഎംകെ എംപി കെ കനിമൊഴി വോട്ട് രേഖപ്പെടുത്തി
കൊവിഡ് പോസിറ്റീവായ ഡിഎംകെ എംപി കെ കനിമൊഴി വോട്ട് രേഖപ്പെടുത്തി. പിപിഇ കിറ്റ് ധരിച്ചാണ് കനിമൊഴി മൈലാപൂരിലെ ബൂത്തിൽ എത്തിയത്. വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറിൽ കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
18:48 April 06
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി
ബംഗാളിലെ ഡയമണ്ട് ഹാർബറിലെ ബൂത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി.
18:33 April 06
ബംഗാളിൽ സിആർപിഎഫ് ജവാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം
ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ജവാൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഓബ്രിയൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറിന് കത്തയച്ചു. താരകേശ്വറിലെ എസി 198-ാം നമ്പറിലെ ബൂത്തിലായിരുന്നു സിആർപിഎഫ് ജവാന് ചുമതല ഏർപ്പെടുത്തിയിരുന്നത്.
17:57 April 06
പഞ്ചസഭായുദ്ധം അവസാന മണിക്കൂറുകളിലേക്ക്
5.34 മണി വരെയുള്ള പോളിങ് ശതമാനം. പുതുച്ചേരിയിൽ 77.90 ശതമാനവും, തമിഴ്‌നാട് 63.47 ശതമാനവുമാണ് പോളിങ്. അസമിൽ വോട്ടെടുപ്പ് 78.94 ശതമാനമാണ്. പശ്ചിമ ബംഗാളിൽ 5.34 വരെയുള്ള പോളിങ് ശതമാനം 77.68 ആണ്.
17:40 April 06
പുതുച്ചേരിയിൽ ആവേശപ്പോരാട്ടം
പുതുച്ചേരിയിൽ അഞ്ച് മണി വരെ 76.03 ശതമാനം പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 63.60 ശതമാനമാണ് പോളിങ്.
17:30 April 06
ബംഗാളിലും അസമിലും കനത്ത പോളിങ്
ബംഗാളിൽ അഞ്ച് മണി വരെ 77.66 ശതമാനം പോളിങ് രേഖപ്പെടുത്തി. അസമിൽ പോളിങ് ശതമാനം 78.94 ആണ്.
17:22 April 06
തമിഴ്നാട്ടിൽ ഭേദപ്പെട്ട പോളിങ്; ഏറ്റവും കുറവ് ചെന്നൈയിൽ
തമിഴ്നാട്ടിൽ നാല് മണി വരെ 54.10 ശതമാനം പോളിങ്. തലസ്ഥാന നഗരിയിലാണ് ഏറ്റവും കുറവ് പോളിങ്. ഇവിടെ 39.23 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാമക്കൽ, കാരൂർ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിങ്. നാമക്കലിൽ 64.78 ശതമാനവും കാരൂരിൽ 64.52 ശതമാനവുമാണ്.
17:11 April 06
ബംഗാളിൽ ബിജെപി- തൃണമൂൽ കോൺഗ്രസ് പോര് മുറുകുന്നു
കഴിഞ്ഞ ദിവസം കാണാതായ ബിജെപി പ്രവർത്തകന്‍റെ മൃതദേഹം കണ്ടെത്തി. ബംഗാളിലെ ബിര്‍ഭം ജില്ലയിൽ നിന്നാണ് 37 വയസുള്ള ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കളും ബിജെപി പ്രാദേശിക നേതാക്കളും ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
അതേ സമയം, ഹൂഗ്ലി ജില്ലയിലെ ഗോഗാട്ട് മണ്ഡലത്തിൽ നടന്ന സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മരിച്ചു. 75കാരനായ സുനിൽ റോയ് ആണ് മരിച്ചത്. മരണത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണം ശക്തമാണ്. എന്നാൽ, ഹൃദയാഘാതത്തെ തുടർന്നാണ് സുനിൽ റോയ് മരിച്ചതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇയാളുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
16:48 April 06
പുതുച്ചേരിയിൽ നാല് മണി വരെ 66.58 ശതമാനം പോളിങ്
പുതുച്ചേരി, മാഹി, കാരയ്ക്കൽ, യാനം ഉൾപ്പെടുന്ന പുതുച്ചേരി കേന്ദ്രഭരണപ്രദേശത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഒമ്പത് മണിക്കൂർ പിന്നിടുമ്പോൾ പുതുച്ചേരിയിലെ പോളിങ് ശതമാനം 66.58 ആണ്.
16:30 April 06
ഉദയാനിധി സ്റ്റാലിൻ പാർട്ടി ലോഗോയുള്ള ഷർട്ട് ധരിച്ചെത്തിയതിനെതിരെ എഐഎഡിഎംകെ
ഡിഎംകെ നേതാവ് ഉദയാനിധി സ്റ്റാലിനെതിരെ എഐഎഡിഎംകെ ജോയിന്‍റ് സെക്രട്ടറിയും അഭിഭാഷകനുമായ ആർ.എം ബാബു മുരുകവേൽ പരാതി നൽകി. വോട്ട് ചെയ്യാനെത്തിയ ഉദയാനിധി സ്റ്റാലിൻ പാർട്ടി ലോഗോയുള്ള ഷർട്ട് ധരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
16:23 April 06
വോട്ടെടുപ്പിൽ പുതുച്ചേരിയും കുതിക്കുന്നു
മൂന്ന് മണി വരെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ 65.11 ശതമാനം പോളിങ് രേഖപ്പെടുത്തി.
16:15 April 06
തമിഴ്നാട്ടിൽ പോളിങ് അമ്പത് കടന്നു
തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് മണി വരെ 53.35 ശതമാനം പോളിങ് രേഖപ്പെടുത്തി.
15:49 April 06
തമിഴ്നാട്ടിൽ പോളിങ് ബൂത്ത് തകർന്ന് അഞ്ച് വോട്ടർമാർക്ക് പരിക്ക്
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ പോളിങ് ബൂത്ത് കെട്ടിടം തകർന്ന് അഞ്ച് പേർക്ക് പരിക്ക്. പോളിങ് ബൂത്ത് കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നുവീണ് അഞ്ച് വോട്ടർമാർക്ക് പരിക്കേറ്റു. മുതുകുളത്തൂർ മണ്ഡലത്തിലാണ് സംഭവം.
15:48 April 06
പശ്ചിമ ബംഗാളിൽ 70നോടടുത്ത് പോളിങ്
പശ്ചിമ ബംഗാളിൽ 68.04 ശതമാനം പോളിങ്ങാണ് മൂന്ന് മണി വരെ രേഖപ്പെടുത്തിയത്.
15:37 April 06
അസമിൽ മൂന്ന് മണി വരെ പോളിങ് ശതമാനം 60 കടന്നു
അസമിൽ മൂന്ന് മണിവരെ 68.31 ശതമാനം പോളിങ് രേഖപ്പെടുത്തി.
15:27 April 06
തമിഴ്നാട്ടിൽ ഭേദപ്പെട്ട പോളിങ്
തിരുച്ചിറപ്പള്ളിയിൽ കാഴ്ചപരിമിതിയുള്ളവർ വോട്ട് ചെയ്യാനെത്തി.
15:07 April 06
അസമിൽ 700ലേറെ വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു
അസമിലെ ബാർപേട്ട ജില്ലയിലെ ബിഷ്ണുപൂർ നിവാസികളായ 700ലധികം വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തങ്ങളുടെ ഗ്രാമത്തിൽ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് വോട്ടെടുപ്പ് കേന്ദ്രം മാറ്റിയതിൽ പ്രതിഷേധിച്ചാണ് ഇവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.
14:48 April 06
തമിഴ്നാട്ടിൽ ഡിഎംകെ സ്ഥാനാർഥിയുടെ കാർ തടഞ്ഞു
വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തുന്നതിനിടെ എഐഎഡിഎംകെ പ്രവർത്തകർ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി ഡിഎംകെ സ്ഥാനാർഥി കാര്‍ത്തികേയ സേനാപതി. പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ സേനാപതിയുടെ കാർ തടയാൻ ശ്രമിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ ജില്ലാ കലക്ടറിന് പരാതി നൽകി. ബിജെപി, ആർഎസ്എസ് പ്രവർത്തകരും ആക്രമണത്തിൽ പങ്കാളികളാണെന്ന് സേനാപതി ആരോപിച്ചു.
കാർ തടഞ്ഞതിനെ തുടർന്ന് ഡിഎംകെയും ഭരണകക്ഷിയായ എഐഎഡിഎംകെ പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇരുകൂട്ടരെയും പൊലീസുകാർ പിന്തിരിപ്പിച്ചു.
14:34 April 06
അസമിൽ സമാധാനപരമായി വോട്ടെടുപ്പ്
അസമിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. സംസ്ഥാനത്ത് അവസാനഘട്ട തെരഞ്ഞെടുപ്പ് പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നത്. ബൂത്തിന് പുറത്ത് സാമൂഹിക അകലവും കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തി. മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് മാസ്കും ഗ്ലൗസും നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
14:13 April 06
ബംഗാളിൽ വിജയപ്രതീക്ഷയുമായി മോദി
ബംഗാളിൽ മാറ്റം കൊണ്ടുവരാനുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ കൂച്ച് ബെഹാറിൽ നടന്ന പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷമായി ദളിത് സ്ത്രീകളും പിന്നാക്ക സമുദായവും കർഷകരുമുൾപ്പെട്ടവർ അനീതി അനുഭവിക്കുകയായിരുന്നു. ബംഗാൾ മുഖ്യമന്ത്രി ഇതെല്ലാം വെറുതെ നോക്കിനിന്ന് കാണുകയായിരുന്നു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് പരാജയപ്പെടുമെന്നും ദീദി(മമത ബാനർജി)യുടെ ദേഷ്യവും പെരുമാറ്റവും പ്രസംഗവും തെരഞ്ഞെടുപ്പിലെ തോൽവി വ്യക്തമാക്കുന്നതാണെന്നും മോദി പറഞ്ഞു.
14:06 April 06
തമിഴ്നാട് പോളിങ് ശതമാനം 40 കടന്നു
തമിഴ്നാട് പോളിങ് ശതമാനം 40 കടന്നു. 1.30 മണി വരെ 40.39 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
13:59 April 06
ബംഗാളിൽ പോര് മുറുകുന്നു
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുജാത മൊണ്ടാലിന് നേരെ ബിജെപി പ്രവർത്തകരുടെ മർദനം. സുജാത മൊണ്ടാലിന്‍റെ പേഴ്‌സണൽ സെക്രട്ടറിക്ക് തലക്കു പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഓബ്രിയൻ പറഞ്ഞു. സിആർപിഎഫ് ഉദ്യോഗസ്ഥർ അക്രമം കണ്ടുനിന്നതല്ലാതെ പ്രതികരിച്ചില്ലെന്നും ഡെറക് ഓബ്രിയൻ ആരോപിച്ചു.
13:46 April 06
പശ്ചിമ ബംഗാളിലും പുതുച്ചേരിയിലും പോളിങ് ശതമാനം 50 കടന്നു, തമിഴ്നാട്ടിൽ 39.61 ശതമാനം പോളിങ്
പശ്ചിമബംഗാളിൽ ഒരു മണി വരെ 53.89 ശതമാനം വോട്ട് രേഖപ്പെടുത്തി. പുതുച്ചേരിയിൽ ഒരു മണി വരെ 53.01 ശതമാനമാണ് പോളിങ്. പുതുച്ചേരിയിൽ 53.30 ശതമാനവും യാനത്ത് 54.90 ശതമാനവും മാഹിയിൽ 44.28 ശതമാനവും കാരയ്ക്കലിൽ 52.14 ശതമാനവുമാണ് പോളിങ്. തമിഴ്നാട്ടിൽ പോളിങ് ശതമാനം 39.61 ആണ്.
13:28 April 06
ഉച്ചയ്ക്ക് ഒരു മണി വരെ അസമിൽ 53.29 ശതമാനം പോളിങ്
അസമിൽ ഒരു മണി വരെ 53.29 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ അവസാന ഘട്ടമാണിന്ന്. ആദ്യ ഘട്ടത്തിൽ 77 ശതമാനവും രണ്ടാം ഘട്ടത്തിൽ 74.76 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.
12:31 April 06
ബംഗാളിൽ ബിജെപി പ്രവർത്തകനെ മർദിച്ചു
ബംഗാളിൽ ബിജെപി പ്രവർത്തകനെ ടിഎംസി പ്രവർത്തകർ മർദിച്ചുവെന്ന് ആരോപണം. ബിജെപി പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
12:22 April 06
12 മണി വരെയുള്ള പോളിങ് ശതമാനം
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ
- അസമിൽ പോളിങ് 33.18 ശതമാനം
- പുതുച്ചേരിയിൽ 35.71 ശതമാനം
- തമിഴ്നാട് 22. 92 ശതമാനം
- പശ്ചിമ ബംഗാൾ 34.71 ശതമാനം
- കേരളം 38.02 ശതമാനം
12:09 April 06
ബംഗാളിൽ തൃണമൂൽ കോൺഗ്രസ്- ബിജെപി സംഘർഷം
ബംഗാളിലെ അരംബാഗിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. വോട്ട് ചെയ്യാൻ വരുന്നവരെ ടിഎംസി ഗുണ്ടകൾ തടയുന്നുവെന്നും തൃണമൂലിന്‍റെ ഡയമണ്ട് ഹാർബർ എംഎൽഎയായ ദിപക് ഹൽദാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
11:59 April 06
തമിഴ്നാട്ടിലും പുതുച്ചേരിയിലും പോളിങ് പുരോഗമിക്കുന്നു
11 മണി വരെ തമിഴ്നാട്ടിൽ 26.29 ശതമാനവും പുതുച്ചേരിയിൽ 20. 02 ശതമാനവും പോളിങ് രേഖപ്പെടുത്തി. ചെന്നൈയിൽ 23.67 ശതമാനവും ദിണ്ഡിഗലിൽ 27.55 ശതമാനവുമാണ് പോളിങ്.
11:49 April 06
അസമിൽ വിജയപ്രതീക്ഷ പങ്കുവച്ച് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ
അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ വോട്ട് രേഖപ്പെടുത്തി. ജാലുക്ബാരി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ഇന്ന് 40 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 22 സീറ്റുകളും ബിജെപി നേടും. കഴിഞ്ഞ തവണ 84 സീറ്റുകളായിരുന്നെങ്കിൽ ഇത്തവണ 90 സീറ്റുകൾ നേടുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
11:39 April 06
ഡിഎംകെ നേതാക്കൾ പണം നൽകി വോട്ട് പിടിക്കുന്നുവെന്ന് ഖുശ്ബു
ഡിഎംകെ നേതാക്കൾ വോട്ടർമാർക്ക് പണം നൽകുന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി ഖുശ്ബു സുന്ദർ. തമിഴ്നാട്ടിലെ തൗസന്‍റ് ലൈറ്റ് മണ്ഡലത്തിൽ നിന്നാണ് ഖുശ്ബു ജനവിധി തേടുന്നത്. കുറുക്കുവഴികളിലൂടെ വിജയിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും ഖുശ്ബു പറഞ്ഞു.
11:34 April 06
പശ്ചിമ ബംഗാളിൽ 11 മണി വരെ 34. 71 ശതമാനം പോളിങ്
പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 11 മണി വരെ 34. 71 ശതമാനം പോളിങ് രേഖപ്പെടുത്തി.
11:16 April 06
അസമിൽ 11 മണി വരെ 16.82 ശതമാനം പോളിങ്
അസമിലെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ 11 മണി വരെ 16.82 ശതമാനം പോളിങ് രേഖപ്പെടുത്തി.
11:14 April 06
ബംഗാളിൽ വീട്ടിൽ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പ്രകാശ് ജാവദേക്കർ
ഉലുബീരിയ ഉത്തർ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഗൗതം ഘോഷിന്‍റെ വീട്ടിൽ നിന്നും വോട്ടിങ് യന്ത്രവും നാല് വിവിപാറ്റുകളും കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കണ്ടെടുത്ത വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന സംഭവം അതീവ ഗൗരവമുള്ളതാണ്. ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്നും പ്രകാശ് ജാവദേക്കർ അറിയിച്ചു.
11:06 April 06
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വോട്ട് ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി സിലുവംപാളയത്ത് വോട്ട് ചെയ്തു. എല്ലാവരും വോട്ടെടുപ്പിൽ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു.
10:58 April 06
പുതുച്ചേരിയിൽ 10 മണി വരെ 16.97 ശതമാനം പോളിങ്
പുതുച്ചേരി തെരഞ്ഞെടുപ്പിൽ രാവിലെ 10 മണിവരെ 16.97 ശതമാനം പോളിങ്. പുതുച്ചേരിയിൽ 17.95 ശതമാനവും കാരയ്ക്കലിൽ 16.97 ശതമാനവും മാഹിയിൽ 14.85 ശതമാനവും യാനത്ത് 14. 98 ശതമാനവുമാണ് പോളിങ്. വോട്ടിങ് യന്ത്രത്തിന്‍റെ തകരാറ് മൂലം വോരയ്യൂർപേട്ടിൽ ഒരു മണിക്കൂർ പോളിങ് മുടങ്ങി.
10:40 April 06
തങ്ങൾക്ക് ചെയ്യുന്ന വോട്ട് ബിജെപിക്ക് പോകുന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുജാത മൊണ്ടാൽ
45-ാം ബൂത്തിൽ ജനങ്ങൾ ടിഎംസിക്ക് വേണ്ടി ചെയ്ത വോട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുജാത മൊണ്ടാൽ ആരോപിച്ചു. ചിലയിടത്ത് ഞങ്ങളുടെ പ്രവർത്തകരെ മർദിച്ചു. കേന്ദ്ര സേനയും നിഷ്പക്ഷത പാലിക്കുന്നില്ല. ബിജെപിക്ക് വോട്ടുചെയ്യാൻ അവർ ജനങ്ങളോട് പറയുന്നതായും അരാംബാഗ് സ്ഥാനാർഥി പറഞ്ഞു.
10:05 April 06
പുതുച്ചേരിയിൽ 15.16 ശതമാനം പോളിങ്
ആദ്യ രണ്ട് മണിക്കൂറിൽ പുതുച്ചേരിയിൽ 15.16 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. രാജ്യത്ത് അഞ്ചിടങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കുമ്പോഴും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലാണ് ഏറ്റവും കൂടിതൽ പോളിങ്. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചതെങ്കിലും പുലർച്ചെ മുതൽ ആളുകളുടെ നീണ്ട വരിയാണ് ബൂത്തിന് മുമ്പിൽ ഉണ്ടായിരുന്നത്. പുതുച്ചേരിയുടെ ഭാഗമായ യാനം, കാരയ്‌ക്കൽ, മാഹി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.
09:55 April 06
നടൻ വിജയ് പോളിങ് ബൂത്തിലെത്തിയത് സൈക്കിൾ ചവിട്ടി
തമിഴ് താരങ്ങളായ കാർത്തി, സൂര്യ, വിജയ്, അജിത്ത്, ശാലിനി എന്നിവരും വോട്ട് ചെയ്യാൻ എത്തി. സൈക്കിളിലാണ് ചെന്നൈയിലെ ബൂത്തിലേക്ക് നടൻ വിജയ് എത്തിയത്.
09:44 April 06
അസമിൽ 12.83 ശതമാനം, ബംഗാളിൽ 14.62 ശതമാനം വോട്ടിങ്
അസമിൽ രാവിലെ 9.30 മണിവരെ 12.83 ശതമാനം വോട്ട് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് മണിക്കൂറിൽ 14.62 ശതമാനം വോട്ടിങ് രേഖപ്പെടുത്തി.
09:41 April 06
തമിഴ്‌നാട് 13.8 ശതമാനം വോട്ടിങ്
തമിഴ്‌നാടിൽ തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 13.8 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ദിണ്ഡിഗല്‍ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഇവിടെ 20.23 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 9.98 ശതമാനം വോട്ട് രേഖപ്പെടുത്തിയ തിരുനെൽവേലിയിലാണ് ഏറ്റവും കുറവ് പോളിങ്.
09:38 April 06
തമിഴ്നാട്ടിൽ എൻഡിഎ സഖ്യം വലിയ വിജയം നേടുമെന്ന് പനീർ സെൽവം
സംസ്ഥാനത്ത് എൻഡിഎ സഖ്യം വലിയ വിജയം കൈവരിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ സെൽവം. എഐഎഡിഎംകെ കൂടുതൽ സീറ്റുകൾ നേടുമെന്നും തുടർച്ചയായ മൂന്നാം തവണയും ഭരണത്തിൽ എത്തുമെന്നും തേനിയിൽ പെരിയകുളത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം പനീർ സെൽവം മാധ്യമങ്ങളോട് പറഞ്ഞു. ബോധിനായകന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് പനീർ സെൽവം.
09:27 April 06
അസമിൽ ആദ്യ രണ്ട് മണിക്കൂറിൽ 11.27 ശതമാനം പോളിങ് രേഖപ്പെടുത്തി.
അസമിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 11.27 ശതമാനമാണ് വോട്ടിങ്.
09:13 April 06
മുൻ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി വോട്ട് രേഖപ്പെടുത്തി
മുൻ പുതുച്ചേരി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി. നാരായണസ്വാമി വോട്ട് രേഖപ്പെടുത്തി
09:07 April 06
തെരഞ്ഞെടുപ്പിലെ പണ വിതരണത്തിൽ പ്രതികരണവുമായി കമൽ ഹാസൻ
തെരഞ്ഞെടുപ്പിലെ പണ വിതരണത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പണവിതരണം ജനങ്ങളുടെ ജീവിതത്തിനും ജനാധിപത്യത്തിനും വിനാശകരമാണ്. ഈ ദുശിച്ച പ്രവർത്തനങ്ങളെ മാറ്റി നന്മയിലേക്ക് കൊണ്ടുവരുമെന്നും കമൽ ഹാസൻ വ്യക്തമാക്കി
08:38 April 06
ബംഗാളിൽ മൂന്ന് സെക്ടർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഗൗതം ഘോഷിന്‍റെ വീട്ടിൽ നിന്ന് വോട്ടിങ് യന്ത്രവും, വിവിപാറ്റും കണ്ടെത്തിയതിനെ തുടർന്ന് സെക്ടർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കർശന നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കണ്ടെടുത്ത വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ.
08:33 April 06
ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ വോട്ട് ചെയ്തു.
ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, ഭാര്യ ദുർഗക്കും മകൻ ഉദയാനിധി സ്റ്റാലിനുമൊപ്പം വോട്ട് രേഖപ്പെടുത്താനെത്തി. തെരഞ്ഞെടുപ്പ് ഭരണകക്ഷിക്കെതിരെയുള്ളതാണെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട് ചെപാക്കിൽ വോട്ടെടുപ്പ് അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. തിരുവള്ളൂരിലെ കെഇഎൻസി ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ സാനിറ്റൈസർ നൽകിയില്ലെന്ന് പരാതി.
08:15 April 06
തൃണമൂൽ കോൺഗ്രസ് നേതാവ് ഗൗതം ഘോഷിന്‍റെ വീട്ടിൽ വോട്ടിങ് യന്ത്രവും വിവിപാറ്റും കണ്ടെത്തി
പശ്ചിമ ബംഗാളിൽ ഉലുബീരിയ ഉത്തർ നിയമസഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഗൗതം ഘോഷിന്‍റെ വീട്ടിൽ വോട്ടിംഗ് യന്ത്രവും വിവിപാറ്റും(വോട്ട് സ്ഥിരീകരണ യന്ത്രം) കണ്ടെത്തി. ഗൗതം ഘോഷിന്‍റെ വീട്ടിൽ വോട്ടിങ് യന്ത്രം നാട്ടുകാർ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗൗതം ഘോഷ് തന്‍റെ വീട്ടിൽ യന്ത്രങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സ്ഥാനാർത്ഥി ചിരൺ ബെര ആരോപിച്ചു.
07:17 April 06
നടൻ രജനികാന്ത് ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. കമൽഹാസൻ, മക്കൾ അക്ഷര ഹാസൻ, ശ്രുതി ഹാസൻ എന്നിവർ വോട്ട് രേഖപ്പെടുത്താൻ എത്തി.
കോൺഗ്രസ് നേതാവ് പി.ചിദംബരം വോട്ട് രേഖപ്പെടുത്തി.
07:16 April 06
എല്ലാവരും വോട്ടെടുപ്പിൽ പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകണമെന്നും മോദി അറിയിച്ചു.
07:07 April 06
തമിഴ്നാട്ടിൽ 234 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് തുടങ്ങി.
06:57 April 06
പശ്ചിമ ബംഗാളിൽ 31 നിയമസഭാമണ്ഡലങ്ങളിൽ നിന്നുള്ള സമ്മതിദായകരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിൽ സുരക്ഷ ശക്തമാക്കി. അരാംബാഗ്, ഹൂഗ്ലി എന്നിവിടങ്ങളിൽ ഇനിയും വോട്ടെടുപ്പ് ആരംഭിക്കാനുണ്ട്
06:41 April 06
കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്
കേരളത്തിന് പുറമെ തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലും പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.
അസമിൽ ഇന്ന് തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമാണ്. പശ്ചിമബംഗാളിലും മൂന്നാം ഘട്ട തെരഞ്ഞെടുപ്പാണ്. ഇവിടെ മോക് പോളിങ് ആരംഭിച്ചു.