റാഞ്ചി : ജാർഖണ്ഡിൽ ഹോളി ആഘോഷത്തെ തുടർന്ന് മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ 65 കാരിയെ മർദിച്ച് കൊലപ്പെടുത്തി. ബൽബദ്ദ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അമോർ നിമ ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് (08.03.2023) നടുക്കുന്ന സംഭവം. ഗോഡ സ്വദേശിനിയായ ദുച്ചി ദേവിയാണ് മരണപ്പെട്ടത്.
ഗുണ്ടായിസം എതിർത്തതിന് ക്രൂര മർദനം: ഇന്നലെ നടന്ന ഹോളി ആഘോഷത്തിനിടെ ബലമായി നിറങ്ങൾ തേയ്‌ക്കാൻ ശ്രമിച്ചവരെ എതിർത്തതിനാണ് വയോധികയെ സംഘം മർദിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതികളും വൃദ്ധയും തമ്മിൽ മുൻപ് ശത്രുതകൾ ഒന്നും തന്നെ ഇല്ലെന്ന് ദുച്ചി ദേവിയുടെ മകൻ മുരാരി സിങ് പറഞ്ഞു. ഗുണ്ടായിസത്തെ എതിർത്തതിനാണ് അമ്മയെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ചത്.
മർദനത്തിൽ അമ്മ മരണപ്പെട്ടെന്ന് മനസിലാക്കിയപ്പോൾ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇതേ ഗ്രാമത്തിൽ തന്നെയുള്ള പപ്പു മണ്ഡൽ, ലളിത് മണ്ഡൽ, സുഭാഷ് മണ്ഡൽ, ഹീരാലാൽ മണ്ഡൽ, രഞ്‌ജിത് മണ്ഡൽ, നീലം ദേവി എന്നിവരാണ് ദുച്ചി ദേവിയെ മർദിച്ചതെന്നും മുരാരി സിങ് ആരോപിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.
ആൾക്കൂട്ടക്കൊലകൾ നിത്യ സംഭവം: കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് ബൽബദ്ദ പൊലീസ് ഉദ്യോഗസ്ഥൻ ഗിർധർ ഗോപാൽ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസങ്ങളായി നടക്കുന്ന ഹോളി ആഘോഷത്തിൽ രാജ്യമെമ്പാടുമുള്ളവർ നിറങ്ങൾ ചാർത്തി സന്തോഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ചിലയിടങ്ങളിൽ ഇത്തരത്തിലുള്ള അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആൾക്കൂട്ടക്കൊലകൾ നിത്യസംഭവം എന്ന നിലയിൽ വർധിച്ചുവരുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത്.