ബെംഗളൂരു : കർണാടകയിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികയ്‌ക്ക് വന്ന 1.03 ലക്ഷം രൂപയുടെ വൈദ്യുത ബില്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥർ. കൊപ്പള ജില്ലയിലെ ഭാഗ്യനഗർ സ്വദേശിനിയായ ഗിരിജമ്മയ്ക്കാണ് ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ വൈദ്യുത ബിൽ ലഭിച്ചത്. സംഭവത്തിന് ശേഷം കൊപ്പൽ ജെസ്‌കോം എക്‌സിക്യുട്ടീവ് എഞ്ചിനീയർ രാജേഷ് ഗിരിജമ്മയുടെ വീട്ടിലെത്തുകയും ബില്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്ന് അറിയിക്കുകയുമായിരുന്നു.
ഇത്രയും വൈദ്യുതി അവർ ഉപയോഗിക്കുന്നില്ലെന്ന് മനസിലാക്കിയതായും അതിനാൽ ബില്‍ പുനക്രമീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. വലിയ തുകയുള്ള ബില്‍ നൽകിയതിൽ ഇലക്‌ട്രിസിറ്റി ജീവനക്കാർക്ക് പിഴവ് സംഭവിച്ചതായും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അത്തരത്തിലുള്ള എന്തെങ്കിലും കേസുകൾ പൊതുജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ അത് പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു.
ഭാഗ്യജ്യോതി യോജന : തന്‍റെ ചെറിയ വീട്ടിൽ രണ്ട് ബൾബുകൾ മാത്രമേയുള്ളൂവെന്നാണ് ഗിരിജമ്മ പറഞ്ഞത്. നേരത്തെ ഗിരിജമ്മയുടെ വീട് 'ഭാഗ്യജ്യോതി' പദ്ധതിയുടെ കീഴിലായിരുന്നു. അതിനാൽ 70 മുതൽ 80 ശതമാനം വരെ മാത്രമായിരുന്നു വൈദ്യുതി ബിൽ അടയ്‌ക്കേണ്ടിയിരുന്നത്. ആറുമാസം മുമ്പ് ജിസ്‌കോം ജീവനക്കാർ ഇവരുടെ വസതിയിൽ പുതിയ മീറ്റർ ഘടിപ്പിച്ചതിനെ തുടർന്ന് ബില്‍ത്തുക വർധിച്ചു. അതിന് ശേഷം ആറ് മാസം കൊണ്ട് ഒരു ലക്ഷം രൂപയിലധികം വൈദ്യുതി ബിൽ വന്നതായും ഗിരിജമ്മ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ സൗജന്യ വൈദ്യുതി പദ്ധതിയായിരുന്നു 'ഭാഗ്യജ്യോതി യോജന'. ഈ പദ്ധതിയിൽ 40 യൂണിറ്റ് സൗജന്യ വൈദ്യുതി മാത്രമാണ് അനുവദിച്ചിരുന്നത്. കൂടാതെ, അധിക യൂണിറ്റുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്‍റെ ബില്ലും നൽകണം.