മുംബൈ: രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ. ഏഴരയോടെ ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ഏക്‌നാഥ് ഷിൻഡെ അധികാരമേറ്റത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു.
മഹാരാഷ്‌ട്രയുടെ 20-ാമത് മുഖ്യമന്ത്രിയാണ് ഷിൻഡെ. ഉദ്ദവ് താക്കറെ സർക്കാരിനെ മറിച്ചിട്ട ശിവസേനയിലെ വിമത നീക്കങ്ങൾക്ക് മുന്നിൽ നിന്നത് ഷിൻഡെ ആയിരുന്നു. 2004, 2009, 2014, 2019 വര്‍ഷങ്ങളില്‍ നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014ല്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രണ്ട് തവണ അംഗമായിരുന്നു. താനെയിലെ കോപ്രി - പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയായ ഷിൻഡെ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ നഗരവികസന വകുപ്പ് മന്ത്രിയായിരുന്നു.