മുംബൈ: മഹാരാഷ്ട്രയില്‍ സർക്കാരിനെ മറിച്ചിടാൻ വിമത ശിവസേന എംഎല്‍എമാരും അധികാരം നിലനിർത്താൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡി സഖ്യവും ശ്രമം തുടരുന്നതിനിടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച നടത്തി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ. വിമത എംഎല്‍എമാർക്കൊപ്പം അസമിലെ ഹോട്ടലില്‍ തുടരുന്ന ഏക്‌നാഥ് ഷിൻഡെ ഇന്നലെ അർധരാത്രി ചാർട്ടേഡ് വിമാനത്തില്‍ ഗുജറാത്തിലെ വഡോദരയിലെത്തിയാണ് ഫഡ്‌നാവിസിനെ കണ്ടത്.
ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാരിനെ മറിച്ചിട്ട് അധികാരം പിടിക്കാൻ ശ്രമം നടത്തുന്ന വിമത ശിവസേന എംഎല്‍എമാർക്ക് ബിജെപിയുടെ പിന്തുണ ഉറപ്പാക്കുന്നത് സംബന്ധിച്ച അന്തിമ ചർച്ചകൾക്കായാണ് ഏക്‌നാഥ് ഷിൻഡെ വഡോദരയിലെത്തി ഫഡ്‌നാവിസിനെ കണ്ടതെന്നാണ് വിവരം. സർക്കാർ രൂപീകരണം, ബിജെപിയുടെ പിന്തുണ, ശിവസേന പിളർന്നാലുള്ള രാഷ്ട്രീയ സാഹചര്യം എന്നിവയെല്ലാം ഇരുവരും ചർച്ച ചെയ്‌തുവെന്നാണ് വിമത എംഎല്‍എമാരില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.