സൂറത്ത്/മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന് വൻ തിരിച്ചടിയായി ശിവസേന നേതാവും സംസ്ഥാന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയുടെ പുതിയ രാഷ്ട്രീയ നീക്കം. ഏക്‌നാഥ് ഷിൻഡെയും 11 ശിവസേന എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തില്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന വാർത്തകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്.
ചൊവ്വാഴ്‌ച (21.06.22) രാവിലെയാണ് ഷിൻഡെയും ഒപ്പമുള്ള എംഎല്‍എമാരും സൂറത്തിലെ ലെ മെറഡിയൻ ഹോട്ടലിലെത്തിയത്. ഷിൻഡെയ്‌ക്ക് ഒപ്പം സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയ്ക്കും ബിജെപി ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചെന്ന ആരോപണങ്ങൾക്ക് ശേഷമാണ് ഏക്‌നാഥ് ഷിൻഡെ ബിജെപിയിലേക്ക് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇപ്പോൾ ഒപ്പമുള്ള 11 എംഎല്‍എമാരെ കൂടാതെ കൂടുതല്‍ ശിവസേന എംഎല്‍എമാരെ സൂറത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനകളുണ്ട്.
സഖ്യം പൊളിയാതിരിക്കാൻ: ഏക്‌നാഥ് ഷിൻഡെ നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയ ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഇന്ന് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതോടൊപ്പം ശിവസേന-എൻസിപി-കോൺഗ്രസ് മഹാവികാസ് അഖാഡി സഖ്യം പൊളിയാതിരിക്കാൻ എൻസിപി നേതാവ് ശരദ് പവാറും ശ്രമങ്ങൾ നടത്തുന്നുണ്ട്. ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ ഏക്‌നാഥ് ഷിൻഡെയുമായി അനുനയ ചർച്ചകൾ നടത്താനാണ് ശിവസേന ശ്രമിക്കുന്നത്.
എംഎല്‍എമാരെ ഡല്‍ഹിക്ക് വിളിച്ച് കോൺഗ്രസ്: ശിവസേനയില്‍ അട്ടിമറി ശ്രമം നടക്കുന്നതിനിടെ കോൺഗ്രസ് പാർട്ടി അവരുടെ എംഎല്‍എമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. എംഎല്‍സി തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംഎല്‍എമാർ വോട്ട് മറിച്ചതായി ആരോപണം ഉയർന്ന സാഹചര്യത്തിലും കോൺഗ്രസ് എംഎല്‍എമാർ ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായതോടെയുമാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയത്.
ഏക്‌നാഥ് ഷിൻഡെ:മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യ സർക്കാരിലെ നഗരവികസന പൊതുമരാമത്ത് വകുപ്പ് മന്ത്രിയും താനെയില്‍ നിന്നുള്ള ശിവസേനയും ഏറ്റവും ശക്തനായ നേതാവുമാണ് ഏക്‌നാഥ് ഷിൻഡെ. ശിവസേനയിലും സർക്കാരിലും പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് ഏക്‌നാഥ് ഷിൻഡെ ബിജെപിയുമായി ചർച്ചകൾ നടത്തുന്നത്. ഷിൻഡെയുടെ മകൻ ഡോ ശ്രീകാന്ത് ഷിൻഡെ കല്യാണില്‍ നിന്നുള്ള ശിവസേനയുടെ ലോക്‌സഭ എംപിയാണ്.
മറിച്ചിടാനൊരുങ്ങി ബിജെപി: 2019ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റ് നേടി ഒറ്റകക്ഷിയായ ബിജെപിയെ ഒതുക്കിയാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം രൂപീകരിച്ചത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യവും സ്വതന്ത്രരും ചെറുപാർട്ടികളും ചേർന്ന് 169 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ശിവസേനയില്‍ നിന്നും കോൺഗ്രസില്‍ നിന്നും എംഎല്‍എമാരെ അടർത്തിയെടുത്ത് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി സർക്കാർ രൂപീകരിക്കാനാണ് ബിജെപി മഹാരാഷ്ട്രയില്‍ ശ്രമം നടത്തുന്നത്.