മീററ്റ് (ഉത്തർ പ്രദേശ്): 80 വയസുള്ള ഒരു വൃദ്ധ 49 സെക്കൻഡിൽ 100 മീറ്റർ ഓടി തീർത്തുവെന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ കുട്ടികളെപ്പോലെ നല്ല ചുറുചുറുക്കോടെ ട്രാക്കിലൂടെ ഓടുന്ന വൃദ്ധയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം.
'പ്രായമൊക്കെ എന്ത്', ട്രാക്കില്‍ താരമായി ബേരി മുത്തശ്ശി - ബേരി ദേവി
ഉത്തർ പ്രദേശിലെ മീററ്റിലാണ് 80 വയസുകാരി ബേരി ദേവി 49 സെക്കൻഡിൽ 100 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്.
മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കർദാ ഭാരതി മീററ്റും ഗ്ലോബൽ സോഷ്യൽ കണക്റ്റും ചേർന്ന് സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിലാണ് 80കാരി ബേരി ദേവി താരമായത്. മീററ്റിലെ വേദ് ഇന്‍റർനാഷണൽ സ്‌കൂളിലായിരുന്നു മത്സരം. പ്രായം വകവയ്‌ക്കാതെ ട്രാക്കിലൂടെ ബേരി ദേവി ഓടിയപ്പോൾ ഏവരും ആർപ്പുവിളിച്ചു.
സാരിയുടുത്ത് ട്രാക്കിലൂടെ ആവേശത്തോടെയുള്ള വയോധികയുടെ ഓട്ടം, പ്രായമായി ഇനി എനിക്ക് ഒന്നിനും വയ്യാ എന്നും പറഞ്ഞ് മടിപിടിച്ചിരിക്കുന്നവർക്ക് പ്രചോദനമാണ്. കൂടെയുള്ളവർ ഓടിപ്പോയെങ്കിലും ഓട്ടം പൂർത്തിയാക്കിയിട്ടാണ് ബേരി മുത്തശ്ശി ട്രാക്ക് വിട്ടത്. താൻ മത്സരത്തിൽ വിജയിച്ചു എന്ന് തന്നെയാണ് മുത്തശ്ശി അഭിമാനത്തോടെ പറയുന്നത്.