കര്‍ണാടക: മാണ്ഡ്യ ജില്ലയില്‍ നിന്നും തീർഥാടനത്തിനായി തമിഴ്‌നാട്ടിലേക്ക് പോയ 89 പേർക്ക് കൊവിഡ് -19 പോസിറ്റീവായി. മൂന്ന് ബസുകളിലായി തമിഴ്‌നാട്ടിലെ ഓം ശക്തി ക്ഷേത്രത്തിലേക്ക് പോയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നായി 3,600-ലധികം ആളുകൾ ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് പോയിരുന്നു, ഇതിൽ 89 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു.
മടങ്ങി എത്തുന്നവരോട് ഏഴ് ദിവസം ക്വാറന്‍റൈനില്‍ ഇരിക്കാനും ടെസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. മാണ്ഡ്യ ജില്ല കലക്ടർ എസ് അശ്വതി ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ടിക്കറ്റ് റദ്ദാക്കാൻ കെഎസ്ആർടിസിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ഓരോ താലൂക്കിലും ക്വാറന്റൈൻ കേന്ദ്രങ്ങളും ഐസൊലേഷൻ കേന്ദ്രങ്ങളും തുറക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. കല്യാണത്തിനും വിവാഹനിശ്ചയ ചടങ്ങുകൾക്കും നൂറു പേര്‍ ശവസംസ്കാര ചടങ്ങുകൾക്കും ചടങ്ങുകൾക്ക് മുപ്പത് പേരെയും മാത്രം അനുവദിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി.
ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും 50 പേരെ അനുവദിക്കും, പബ്ബുകൾ, ബാറുകൾ, ജിമ്മുകൾ, ഹോട്ടലുകൾ, സിനിമാ തിയേറ്ററുകൾ, നീന്തൽക്കുളങ്ങൾ, സ്റ്റോർക്കുകൾ എന്നിവയിലേക്ക് 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. പ്രതിഷേധങ്ങളും റാലികളും നിരോധിച്ചു, വാരാന്ത്യ കർഫ്യൂ, ആരംഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.