ന്യൂഡല്‍ഹി:രാജ്യത്തെ എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം. വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഏഴ് ചാനലുകള്‍ ഇന്ത്യയിലും ഒരെണ്ണം പാകിസ്ഥാനില്‍ നിന്നും പ്രവർത്തിക്കുന്നതുമാണ്. രാജ്യ സുരക്ഷ, വിദേശ ബന്ധം, ക്രമ സമാധാനം തുടങ്ങിയവയെ കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
114 കോടിയിലേറെ വ്യൂവേഴ്‌സും 85.73 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുള്ള ചാനലുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഐടി നിയമ പ്രകാരമാണ് വിലക്ക്. രാജ്യത്ത് മതപരമായ അസ്വാരസ്യങ്ങള്‍ സൃഷ്‌ടിക്കാനും ക്രമ സമാധാനം തകർക്കാനും ഈ യൂട്യൂബ് ചാനലുകളിലെ കണ്ടന്‍റുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയതായി കേന്ദ്രമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.