ന്യൂഡൽഹി :8441 ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോക്‌സഭയിലാണ് അദ്ദേഹം വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. ഏറ്റവും അധികം ഇന്ത്യക്കാർ തടവിലാക്കപ്പെട്ടിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലാണ്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ ജയിലുകളിലായി 4,389 പേരാണ് കഴിയുന്നത്. ഇന്ത്യയും യുഎഇയും ശിക്ഷിക്കപ്പെട്ട വ്യക്തികളെ കൈമാറ്റം ചെയ്യുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. അതനുസരിച്ച് അവിടുത്തെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരരെ അവരുടെ ശിക്ഷയുടെ ശേഷിക്കുന്ന കാലം ഇന്ത്യയിലേക്ക് മാറ്റാനും തിരിച്ചുമുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ പ്രകാരം, ശിക്ഷിക്കപ്പെട്ട വ്യക്തിയെ അയാളുടെ സ്വന്തം രാജ്യത്തേക്ക് മാറ്റുന്നതിന് തടവുകാരന്‍റെ സന്നദ്ധത, കൈമാറ്റം ചെയ്യപ്പെടുന്നതും സ്വീകരിക്കുന്നതുമായ രാജ്യത്തിന്‍റെ സമ്മതം, പൂര്‍ണമായ ഡോക്യുമെന്‍റേഷന്‍റെ ലഭ്യത, ഓരോ രാജ്യത്തെയും സുരക്ഷ ഏജന്‍സികളില്‍ നിന്നുള്ള ക്ലിയറന്‍സ് തുടങ്ങി നിരവധി നടപടിക്രമങ്ങളുണ്ട്. ശിക്ഷിക്കപ്പെട്ടവരെ കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ യുഎഇയ്ക്ക് അയച്ചിട്ടുണ്ട് എന്നും മുരളീധരന്‍ പറഞ്ഞു.
ഖത്തറിൽ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർ തടവിലാക്കപ്പെട്ടതിന് പിന്നാലെയാണ് ശിക്ഷിക്കപ്പെട്ടവരെ കൈമാറ്റം ചെയ്യുന്നതിനുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ നീക്കം. കേസുകളില്‍ ബന്ധപ്പെട്ട സംഭവ വികാസങ്ങൾ ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി നേരത്തെ പറഞ്ഞിരുന്നു.