റാഞ്ചി (ജാർഖണ്ഡ്):വയറിനുള്ളിൽ ഭ്രൂണവുമായി ജാർഖണ്ഡിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. 21 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിലാണ് എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയത്. ജാർഖണ്ഡിലെ റാഞ്ചിയിലാണ് അത്യപൂർവ്വ സംഭവം.
2022 ഒക്‌ടോബർ 10ന് റാഞ്ചിയിലെ രാംഗഢിലാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ വയറുവേദനയെത്തുടർന്നാണ് കുഞ്ഞുമായി മാതാപിതാക്കൾ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്‍റെ വയറ്റിൽ മുഴയുണ്ടാകാമെന്നായിരുന്നു ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം.
വിശദമായ പരിശോധനയും അൾട്രാ സൗണ്ട് സ്‌കാനിങ്ങും നടത്തിയപ്പോഴാണ് കുഞ്ഞിന്‍റെ വയറ്റിൽ ഭ്രൂണങ്ങൾ കണ്ടെത്തിയത്. അത്യപൂർവ അവസ്ഥകളിലൊന്നാണ് ഇതെന്ന് ഡോക്‌ടർമാർ പറഞ്ഞു. ഫീറ്റസ് ഇൻ ഫേറ്റു എന്ന അത്യപൂർവ്വ രോഗാവസ്ഥയാണിത്. ശസ്‌ത്രക്രിയയിലൂടെ ഡോക്‌ടർമാർ കുഞ്ഞിന്‍റെ വയറ്റിൽ നിന്ന് വളർച്ചയെത്താത്ത ഭ്രൂണങ്ങൾ നീക്കം ചെയ്‌തു.
ഒന്നര മണിക്കൂർ എടുത്താണ് കുഞ്ഞിന്‍റെ വയറ്റിൽ നിന്നും ഭ്രൂണങ്ങൾ നീക്കം ചെയ്‌തത്. പീഡിയാട്രിക് സർജൻ ഡോ. മുഹമ്മദ് ഇമ്രാന്‍റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ലോകത്ത് ആദ്യമായിട്ടായിരിക്കും നവജാത ശിശുവിന്‍റെ വയറ്റിൽ നിന്ന് എട്ട് ഭ്രൂണങ്ങൾ നീക്കം ചെയ്യുന്നതെന്ന് ശിശുരോഗ വിദഗ്‌ധൻ ഡോ. രാജേഷ് കുമാർ പറഞ്ഞു.
ഫീറ്റസ് ഇൻ ഫേറ്റു (Fetus-in-fetu): ഗർഭാവസ്ഥയിൽ ഇരട്ട ഭ്രൂണങ്ങളിലൊന്ന് രണ്ടാമത്തെ ഭ്രൂണത്തിന്‍റെ വയറിൽ അകപ്പെടുമ്പോഴാണ് ഫീറ്റസ് ഇൻ ഫേറ്റു എന്ന അവസ്ഥ സംഭവിക്കുന്നത്. 1808ല്‍ ജോര്‍ജ് വില്യം യംഗാണ് ഫീറ്റസ് ഇൻ ഫേറ്റു ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. ലോകത്തിൽ 100ൽ താഴെ മാത്രമാണ് ഫീറ്റസ് ഇൻ ഫേറ്റു കേസുകള്‍ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.