പനാജി(ഗോവ) :ഗോവൻ രാഷ്‌ട്രീയത്തിൽ വൻ അട്ടിമറി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്ത് ഉൾപ്പടെ 8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി.
ദിഗംബർ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ, ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വേര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് താനവാഡെയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് അറിയിച്ചത്.
കോണ്‍ഗ്രസിന് ഗോവയില്‍ 11 എം.എല്‍.എമാരാണുള്ളത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയും കൂടിക്കാഴ്ച നടത്തിയവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. രണ്ട് മാസം മുമ്പ് നടന്ന കുതിരക്കവച്ചട ശ്രമങ്ങൾ കോൺഗ്രസ് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും പാർട്ടിക്ക് മുമ്പിൽ സമാന ഭീഷണി. 11 എംഎല്‍എമാരിൽ എട്ടുപേര്‍ പോയാല്‍ കൂറുമാറ്റനിരോധന നിയമം തടസമാകില്ല.
കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ച് ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനം മൈക്കിള്‍ ലോബോ എടുത്തിരുന്നതായാണ് സൂചന. എംഎല്‍എമാര്‍ സ്‌പീക്കറെ കാണുന്നതിന് വേണ്ടി നിയമസഭാ മന്ദിരത്തില്‍ എത്തിയിട്ടുണ്ട്. സഭ ചേരാത്ത സമയത്ത് എം.എല്‍.എമാരുടെ ഈ കൂടിച്ചേരല്‍ അസാധാരണമാണ്. രാഷ്‌ട്രീയ അട്ടിമറിയുടെ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഗോവയിലെ സംഭവങ്ങൾ.
കൂറുമാറാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ദിഗംബര്‍ കാമത്തിനെയും മൈക്കിള്‍ ലോബോയെയും അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ നിയമസഭ സ്‌പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു. 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് 20 അംഗങ്ങളുണ്ട്.
അഞ്ച് സഖ്യകക്ഷികളുടെ പിന്തുണയുമുണ്ട്. 11 അംഗങ്ങളാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയിലെ ഒരംഗവും കോണ്‍ഗ്രസിനൊപ്പമുണ്ട്. ആം ആദ്‌മി പാര്‍ട്ടിയുടെ രണ്ട് പേരും റവല്യൂഷണറി ഗോവന്‍ പാര്‍ട്ടിയിലെ ഒരംഗവും പ്രതിപക്ഷ നിരയിലാണ്.