മണ്ണിലും വിണ്ണിലും ഉയരുന്ന തക്‌ബീറിന്‍റെ മന്ത്ര ധ്വനികൾ. പ്രാര്‍ഥന നിര്‍ഭരമായ പുണ്യരാവുകൾ. വിശുദ്ധ റമദാൻ വിട പറഞ്ഞയുമ്പോൾ പ്രതീക്ഷയുടെ കിരണവുമായി ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ സമാഗതമായിരിക്കുകയാണ്.
മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷം വിശ്വാസികൾ ഈദുൽ ഫിത്വറിന്‍റെ ആഘോഷങ്ങളിലേക്ക് കടക്കുന്നു. ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് പെരുന്നാൾ ആഘോഷം. ശാരീരിക ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള അവസരവും.
ഒരു മാസം മുഴുവന്‍ നീണ്ടു നിന്ന വ്രതത്തിന്‍റെ പരിസമാപ്‌തിയില്‍ റമദാന്‍ മാസത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത ചൈതന്യം അടുത്ത പതിനൊന്ന് മാസവും നിലനിര്‍ത്തുകയാണ് ഓരോ വിശ്വാസിയുടെയും ഇനിയുള്ള ബാധ്യത. ആവർത്തിക്കപ്പെടുന്നത് എന്നർത്ഥം വരുന്ന ഈദ് ആഘോഷം പകർന്നുനൽകുന്നത് സ്നേഹവും സഹിഷ്‌ണുതയും ആണ്. വിശ്വാസിയുടെ ആഘോഷങ്ങളിലൂടെ മഹത്തായൊരു സംസ്‌കാരം കൂടിയാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്.