ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ റെയിൽവേയിൽ യാത്രാനിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ ദരിദ്രരെയും അധഃസ്ഥിതരെയും അതിൽ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് തമിഴ്‌നാട് എംപിയായ ഡിഎം കതിർ ആനന്ദ് ലോക്‌സഭയിൽ ചോദ്യം ഉന്നയിച്ചത്. അന്ന് മുതിർന്ന പൗരന്മാർക്ക് അത്തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ കേന്ദ്രം ആ ആവശ്യം നിഷേധിച്ചു. സ്വന്തം ട്രെയിനുകളെ എക്‌സ്‌പ്രസ് എന്ന് നീട്ടിവിളിക്കുന്ന റെയിൽവേ പരോക്ഷമായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും സാധാരണക്കാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്‌ടിച്ചതിനും ഒട്ടേറെ വിമർശനങ്ങളാണ് നിലവിൽ ഇന്ത്യൻ റെയിൽവേ നേരിടുന്നത്.
സ്ലീപ്പർ കോച്ചുകൾക്ക് പകരം എസി ക്ലാസ് :ദരിദ്രരും കുടിയേറ്റ തൊളിലാളികളും ഇടത്തരക്കാരും പ്രാഥമികമായി ഉപയോഗിക്കുന്ന സ്ലീപ്പർ കോച്ചുകൾ ക്രമേണ അപ്രത്യക്ഷമാകുന്ന ഒരു കാഴ്‌ചയാണ് ഇന്ന് ഉള്ളത്. പകരം, നിരവധി ആളുകൾ യാത്ര ചെയ്യുന്ന തിരക്കുള്ള ട്രെയിനുകളിൽ എസി കോച്ചുകൾ അധികമായി ചേർക്കുകയും സാധാരണക്കാരായ ദീർഘ ദൂര യാത്രികർക്ക് ട്രെയിൻ യാത്ര അപ്രായോഗികമാക്കുകയുമാണ് ഇന്ത്യൻ റെയിൽവേ. ഇതിന് പുറമെ 'തത്‌കാൽ' എന്ന തന്ത്രപരമായ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരിൽ നിന്ന് 30 മുതൽ 90 ശതമാനം അധിക നിരക്കാണ് റെയിൽവേ ഈടാക്കുന്നത്.
'ഫ്ലെക്‌സിഫെയർ' എന്ന വാണിജ്യ തന്ത്രം : ആവശ്യത്തിനനുസരിച്ച് നിരക്കുകൾ ക്രമീകരിക്കുന്ന 'ഫ്ലെക്‌സിഫെയർ' എന്നറിയപ്പെടുന്ന നയം പ്രതിഫലിപ്പിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ വാണിജ്യ സ്വഭാവത്തെ തന്നെയാണ്. ഇതിനെല്ലാം പുറമെ റെയിൽവേ ഗണ്യമായ നിരക്കിൽ വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകുകയും അമിതമായ ക്യാൻസലേഷൻ ചാർജുകൾ ചുമത്തുകയും ചെയ്യുന്നു.
വിവരാവകാശ നിയമത്തിലൂടെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2019 - 2022 കാലയളവിൽ റെയിൽവേ 10,000 കോടി രൂപ സമ്പാദിച്ചതായാണ് വെളിപ്പെടുന്നത്. ആനുകൂല്യങ്ങൾ നൽകാതിരിക്കൽ, ഉയർന്ന നിരക്കുകൾ തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ട് യാത്രക്കാരുടെ എണ്ണം കുറയുകയും ഇത് മൂലം ചില റൂട്ടുകളിൽ ട്രെയിനുകളുടെ തന്നെ എണ്ണം കുറയുന്ന സാഹചര്യവുമുണ്ടായി. ഇക്കാരണത്താൽ കഴിഞ്ഞ 30 ദിവസമായി 50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകളിലെ എസി ചെയർ, എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകൾക്ക് 50 ശതമാനം വരെ താത്‌കാലികമായി നിരക്ക് കുറക്കാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു.
യാത്രാനിരക്കും സുരക്ഷയും :യാത്രക്കാരുടെ ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകുന്നതിനായി ലാഭത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ യാത്രാനിരക്ക് പൂർണമായും ഇന്ത്യൻ റെയിൽവേ യുക്തിസഹമാക്കണം. അതോടൊപ്പം യാത്രക്കാരുടെ സുരക്ഷയ്‌ക്കും പ്രാധാന്യം നൽകേണ്ടത് റെയിൽവേ മാനേജ്‌മെന്‍റിന്‍റെ സുപ്രധാനമായ സാമൂഹിക ഉത്തരവാദിത്തമാണ്. അതേസമയം, വന്ദേഭാരത് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയ്‌ക്ക് പുതിയ മുഖം നൽകുമ്പോൾ ഒഡിഷയിലെ ദാരുണമായ ട്രെയിൻ അപകടം മാരകമായ പിഴവുകൾ പരിഹരിക്കുന്നതിലെ റെയിൽവേയുടെ പരാജയത്തെയാണ് എടുത്തുകാട്ടുന്നത്.
തലതാഴ്‌ത്തി ഇന്ത്യൻ റെയിൽവേ : സമയനിഷ്‌ഠ, വേഗത, സുരക്ഷ എന്നീ കാര്യങ്ങൾ മുൻനിർത്തിയാൽ ജപ്പാനിലെ ട്രെയിനുകളാണ് ഏറ്റവും മികച്ചത്. ഫ്രാൻസ്, ഇറ്റലി. ചൈന എന്നീ രാജ്യങ്ങളും സുരക്ഷിതമായ ട്രെയിൻ യാത്രകൾ നിലനിർത്തുന്നതിൽ ശ്രദ്ധേയമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ റെയിൽവേ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഏറെ പിന്നിലാണെന്ന് തെളിയിക്കുന്നതാണ് ഒഡിഷയിലെ അപകടം. 2017 മുതൽ 2021 വരെ ട്രെയിൻ പാളം തെറ്റി 1127 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
ട്രാക്ക് മെച്ചപ്പെടുത്തുന്നതിന് അനുവദിച്ച ഫണ്ട് പൂർണമായും വിനിയോഗിക്കുന്നതിലെ പരാജയം തുറന്നുകാട്ടുന്ന സിഎജി റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം കാര്യങ്ങൾ യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതിലെ കാലതാമസം ആശങ്കാജനകവുമാണ്. യാത്രക്കാരുടെ നിരക്ക് വർധിപ്പിച്ച് പ്രതിസന്ധിയുണ്ടാക്കുന്നതിന് പകരം ആഭ്യന്തര ചരക്ക് ഗതാഗതത്തിന്‍റെ വിഹിതം വർധിപ്പിക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുകയുമാണ് റെയിൽവേ ചെയ്യേണ്ടത്. ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുക, ജീവനക്കാർക്ക് ആനുകാലിക പരിശീലനം നൽകുക, ഉത്തരവാദിത്തബോധം വളർത്തുക എന്നിവ അടിയന്തര ശ്രദ്ധ ആവശ്യമുള്ള നിർണായക വശങ്ങളാണ്.