ചെന്നൈ :തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്‌റ്റഡിയില്‍. അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കിയെന്ന കേസിലാണ് എംകെ സ്‌റ്റാലിന്‍ സര്‍ക്കാരിലെ മന്ത്രിയെ ഇഡി കസ്‌റ്റഡിയിലെടുത്തത്. മകനും സുഹൃത്തുക്കള്‍ക്കും ക്വാറി ലൈസന്‍സ് നല്‍കിയത് വഴി സംസ്ഥാന ഖജനാവിന് 28 കോടി രൂപ നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്.
തിങ്കളാഴ്‌ച രാവിലെ മുതല്‍ പൊന്‍മുടിയുടെ വീടുകളില്‍ ഇഡി പരിശോധന നടത്തി വരികയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ അന്വേഷണ ഏജന്‍സി അദ്ദേഹത്തെ കാറില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയി. തമിഴ്‌നാട് മന്ത്രിസഭയില്‍ സെന്തില്‍ ബാലാജിക്ക് ശേഷം കേന്ദ്ര ഏജന്‍സി കസ്‌റ്റഡിയിലെടുക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പൊന്‍മുടി.
കേസും അന്വേഷണവും കസ്‌റ്റഡിയും:വില്ലുപുരം ജില്ലയിലെ തിരുക്കൊയിലൂർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ കെ.പൊൻമുടിയുടെയും മകനും കള്ളക്കുറിച്ചി മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ ഗൗതം സിഗമണിയുടെയും വീടുകളിലും ഓഫിസുകളിലും തിങ്കളാഴ്‌ച രാവിലെ മുതലാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയത്. ചെന്നൈയിലെയും വില്ലുപുരത്തെയും ഓഫിസുകളിലും വീടുകളിലുമായിരുന്നു രാവിലെ ഏഴ് മണി മുതല്‍ റെയ്‌ഡ്.
2007 മുതല്‍ 2011 വരെ ഖനന വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ക്വാറികൾക്ക് ലൈസൻസ് കൊടുത്തതിലെ ക്രമക്കേടിലാണ് പൊൻമുടിക്ക് എതിരായ റെയ്‌ഡ്. പൊലീസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടരുന്ന കേസില്‍ മന്ത്രി പൊൻമുടി, മകൻ ഗൗതം സിഗമണി എന്നിവർ പ്രതികളാണ്. ഈ കേസിലെ അന്വേഷണവും വിചാരണയും സ്റ്റേ ചെയ്യണമെന്ന ഇവരുടെ ആവശ്യം അടുത്തിടെ മദ്രാസ് ഹൈക്കോടതി നിരസിച്ചിരുന്നു. അതേസമയം ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യ യോഗത്തില്‍ പങ്കെടുക്കാൻ പോയപ്പോഴാണ് റെയ്‌ഡ് എന്ന പ്രത്യേകതയുമുണ്ട്.
വിമര്‍ശനവുമായി ഡിഎംകെ:ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലെ സഖ്യ കക്ഷിയായ എഐഎഡിഎംകെയുടെ നേതാക്കൾ ഉൾപ്പെട്ട കേസുകളില്‍ കേന്ദ്ര ഏജൻസികൾ യാതൊരന്വേഷണവും നടത്തുന്നില്ലെന്നും ഡിഎംകെയ്‌ക്കെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇഡിയെ ഉപയോഗിക്കുകയാണെന്നും നേതാക്കൾ ഇതിനോടകം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമെന്ന് സ്‌റ്റാലിന്‍ : പൊൻമുടിയുടെയും മകനും എംപിയുമായ ഗൗതം സിഗമണിയുടെയും വീടുകളിലും ഓഫിസുകളിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തുന്ന റെയ്‌ഡുകളില്‍ രൂക്ഷ വിർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികളും നിലവില്‍ തെരഞ്ഞെടുപ്പ് ക്യാംപയിനിന്‍റെ ഭാഗമായിരിക്കുന്നു എന്നായിരുന്നു എംകെ സ്റ്റാലിന്‍റെ പരിഹാസം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ, 13 വർഷം മുൻപ് എടുത്ത വ്യാജ കേസിലാണ് ഇപ്പോൾ കെ.പൊൻമുടിയുടെ വീട്ടില്‍ ഇഡി റെയ്‌ഡ് നടത്തുന്നത്. ഇത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ക്യാംപയിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പാണ് ഇഡി റെയ്‌ഡിനെതിരെ ഡിഎംകെ അധ്യക്ഷൻ വിമർശനമുയർത്തിയത്.