ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ജൂലൈ 25 ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഇഡി സമൻസ് നൽകിയത്. ജൂലൈ 26 ന് വീണ്ടും ഹാജരാകാൻ സമൻസ് അയച്ചിരുന്നെങ്കിലും സോണിയയുടെ ആവശ്യപ്രകാരം ജൂലൈ 25 ലേക്ക് മാറ്റുകയായിരുന്നു.
ഇന്ന്(21.07.2022) ഉച്ചയ്‌ക്ക് 12.15 ഓടെ ഇ.ഡി ഓഫിസിൽ ഹാജരായ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് സോണിയയുടെ ആവശ്യപ്രകാരമാണ് ചോദ്യം ചെയ്യൽ നേരത്തെ അവസാനിപ്പിച്ചതെന്നാണ് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചത്.
ചോദ്യങ്ങൾ ഇല്ലെന്ന്: കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനില്ലെന്ന് സോണിയയോട് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്നും അതിനെത്തുടർന്നാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നേരത്തെ അവസാനിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ രാത്രി 9 മണിവരെ തുടരാൻ തയ്യാറാണെന്ന് സോണിയ പറഞ്ഞിരുന്നുവെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്‌തു.
കൊവിഡ് രോഗത്തിന്‍റെ മരുന്നുകൾ കഴിക്കേണ്ടതുണ്ടെന്നും അതിനാൽ ഇനി എപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയുമെന്ന് അറിയിക്കാമെന്നും സോണിയ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി തിങ്കളാഴ്‌ച ഹാജരാകാമെന്ന് സോണിയ അറിയിച്ചത്. ജയറാം രമേശ് കൂട്ടിച്ചേർത്തു.
READ MORE:നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
നേരത്തെ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ.ഡി അറിയിച്ചെങ്കിലും നിരസിച്ച സോണിയ ഗാന്ധി ഇ.ഡി ഓഫിസില്‍ എത്താമെന്ന് അറിയിക്കുകയായിരുന്നു. ജൂൺ എട്ടിനും, ജൂൺ 21നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടിസ് അയച്ചിരുന്നു. എന്നാൽ, കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സോണിയ ഇ.ഡിക്ക് മുന്‍പില്‍ എത്തിയില്ല.
കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയെ പലതവണ ചോദ്യം ചെയ്‌തിരുന്നു. അഞ്ച് ദിവസങ്ങളിലായി അമ്പതിലേറെ മണിക്കൂറാണ് കോണ്‍ഗ്രസ് നേതാവിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്‌തത്. അന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുൻ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.