ന്യൂഡല്‍ഹി : കേരളത്തിലെ ഹവാല ഇടപാടുകാരുടെയും അനധികൃത ഫോറെക്‌സ് ഡീലര്‍മാരുടെയും കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 2.90 കോടി രൂപയുടെ വിദേശ, ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് പ്രകാരം ജൂണ്‍ 19ന് 14 സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയതായി അന്വേഷണ ഏജന്‍സി അറിയിച്ചു. ഫോറിന്‍ മണി എക്‌സ്‌ചേഞ്ച്, ഗിഫ്റ്റ് കടകള്‍, തുണിക്കടകള്‍, ജ്വല്ലറി എന്നിവയുടെ മറവില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്.
ഏകദേശം 1.50 കോടി രൂപ വിലമതിക്കുന്ന 15 രാജ്യങ്ങളുടെ കറൻസികളും അനധികൃത വിദേശ കറൻസി വിനിമയത്തിലൂടെ കൈവശപ്പെടുത്തിയ 1.40 കോടിയുടെ കണക്കിൽപ്പെടാത്ത ഇന്ത്യൻ കറൻസിയും ആണ് റെയ്‌ഡില്‍ പിടിച്ചെടുത്തത്. സുരേഷ് ഫോറെക്‌സ്, ഏറ്റുമാനൂർ ഫോറെക്‌സ്, ദുബായ് ഫോറെക്‌സ്, സംഗീത ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രസന്‍റ് ട്രേഡിങ്, ഹന ട്രേഡിങ്, ഫോർനാസ് ഫോറെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഇവയുടെ അധികൃതരുമാണ് ഹവാല ശൃംഖലയിലെ പ്രധാന കണ്ണികളെന്ന് ഇഡി കണ്ടെത്തി. ഈ വ്യക്തികളും സ്ഥാപനങ്ങളും അനധികൃത വിദേശ കറൻസി വിനിമയം നടത്തുകയും നിയമപരമായ ബാങ്കിങ് മാർഗങ്ങൾ മറികടന്ന് ഹവാല വഴി ദുബായ്, യുഎസ്എ, കാനഡ എന്നിവിടങ്ങളിലേക്ക് അതിർത്തി കടന്നുള്ള പണമിടപാട് നടത്തുകയും ചെയ്‌തുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കെവൈസി (Know Your Customer) എടുക്കാതെയും ബില്ലുകൾ നൽകാതെയും ആണ് ഇവര്‍ അനധികൃത ഫോറെക്‌സ് ഇടപാടുകൾ നടത്തിയിരുന്നത്. ഈ വ്യക്തികളുടെ മൊബൈലുകളില്‍ നിന്നും മറ്റും വീണ്ടെടുത്ത ശബ്‌ദ സന്ദേശങ്ങളും വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളും കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാട് വെളിപ്പെടുത്തിയതായി ഏജൻസി പറഞ്ഞു.