അമരാവതി :കേരളത്തിലെ ദേശീയപാത വികസനത്തോടനുബന്ധിച്ച് നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ ഡയറക്‌ടറായ കമ്പനിയുടെ ഹൈദരാബാദിലെ ഓഫിസിൽ ഇഡി റെയ്‌ഡ്. പാലിയേക്കര ടോൾ പിരിവിൽ സബ് കോൺട്രാക്‌ടറായ കെഎംസി കൺസ്ട്രക്ഷൻസിന്‍റെ ഓഫിസിലാണ് പ്രിവന്‍റീവ് മണി ലോണ്ടറിങ് ആക്‌ട് 2002 പ്രകാരം ഇഡിയുടെ പരിശോധന നടന്നത് (ED Raids on KMCC Office Involved with Paliyekkara Toll Plaza- Company Director YSRCP MLA Mekapati Vikram Reddy Under Probe). വൈഎസ്ആർസിപി എംഎൽഎ ആയ മേകപതി വിക്രം റെഡ്ഡി (YSRCP MLA Mekapati Vikram Reddy) ഡയറക്‌ടറായ കമ്പനിയാണ് കെഎംസി കൺസ്ട്രക്ഷൻസ്.
മുൻ വൈഎസ്ആർസിപി എംപിയായ മേകപതി രാജ്മോഹൻ റെഡ്ഡിയുടെ കുടുംബ കമ്പനിയായ കെഎംസിയിൽ മേകപതി പൃഥ്വികുമാർ റെഡ്ഡി, മേകപതി ശ്രീകീർത്തി എന്നിവർക്കൊപ്പം വിക്രം റെഡ്ഡിയും ഡയറക്‌ടറാണ്. കെഎംസിയിലെ റെയ്‌ഡിനൊപ്പം തന്നെ വിക്രം റെഡ്ഡി ഡയറക്‌ടറായ കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ജിഐപിഎൽ), മറ്റൊരു കമ്പനിയായ ഭാരത് റോഡ് നെറ്റ്‌വർക്ക് (ബിആർഎൻഎൽ) എന്നിവിടങ്ങളിലും ഇഡി പരിശോധന നടത്തി. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത നിർമാണം ഏറ്റെടുത്ത പ്രധാന കരാര്‍ കമ്പനിയാണ് ജിഐപിഎൽ. ടോൾ പിരിക്കാൻ സബ് കോണ്‍ട്രാക്‌ട് നേടിയ കമ്പനിയാണ് കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ്.