ചെന്നൈ:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി തമിഴ്‌നാട് സെക്രട്ടേറിയറ്റിലെത്തി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി). തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രി വി സെന്തില്‍ ബാലാജിയ്‌ക്കും മറ്റ് ചിലര്‍ക്കുമെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി ചൊവ്വാഴ്‌ച തെരച്ചില്‍ നടത്തിയത്. സെക്രട്ടേറിയറ്റില്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ മുറിയിലും റെയ്‌ഡിന്‍റെ ഭാഗമായി ഇഡി പരിശോധന നടത്തി.
റെയ്‌ഡ് ഇങ്ങനെ:ഇഡിയുടെ റെയ്‌ഡിന് പിന്നാലെ കരൂര്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവും ഡിഎംകെയിലെ പ്രബല നേതാവുമായ സെന്തില്‍ ബാലാജി പ്രതികരണവുമായി രംഗത്തെത്തി. എന്ത് ഉദ്ദേശത്തോടെയാണ് അവർ വന്നത്, എന്താണ് അവർ അന്വേഷിക്കുന്നത് എന്നുള്ളതെല്ലാം നമുക്ക് കാണാം. ആദ്യം ഇതൊന്ന് അവസാനിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. പരിശോധനയ്‌ക്ക് പൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
കരൂരും ചെന്നൈയും കേന്ദ്രീകരിച്ച് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മാത്രമല്ല തമിഴ്‌നാട്ടില്‍ മദ്യത്തിന്‍റെ ചില്ലറ വിൽപനക്കാരായ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്‍റെ (ടാസ്‌മാക്) ലോറി കോണ്‍ട്രാക്‌ടറുടെ വസതിയിലും ഇഡി പരിശോധന നടത്തിയിരുന്നു.
ആരാണ് സെന്തില്‍ ബാലാജി ?: സംസ്ഥാന മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് കൂടാതെ പ്രൊഹിബിഷൻ ആന്‍ഡ് എക്സൈസ് വകുപ്പുകള്‍ കൂടി വഹിക്കുന്നയാളാണ് വി സെന്തില്‍ ബാലാജി. മുമ്പ് എഐഎഡിഎംകെയില്‍ ഉണ്ടായിരുന്നപ്പോള്‍ ജോലി നല്‍കുന്നതിന് പണം ആവശ്യപ്പെട്ടുവെന്ന കുംഭകോണത്തില്‍ സെന്തില്‍ ബാലാജിക്കെതിരെ സുപ്രീം കോടതി പൊലീസ്, ഇഡി അന്വേഷണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള 2011-15 വര്‍ഷത്തെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രി കൂടിയായിരുന്നു സെന്തില്‍ ബാലാജി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇഡി പരിശോധന നടത്തിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.