ന്യൂഡല്‍ഹി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്-ടെക്ക് കമ്പനിയായ ബൈജൂസിന്‍റെ സിഇഒ ബൈജു രവീന്ദ്രന്‍റെ മൂന്ന് വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയക്‌ടറേറ്റ് പരിശോധന നടത്തി. വിദേശ ധന വിനിമയത്തെ സംബന്ധിച്ച കേസിലാണ് പരിശോധന നടന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള രണ്ട് വസതികളിലും ഒരു സ്വകാര്യ വസതിയിലും ഉള്‍പെടെ ആകെ മൂന്ന് വസതികളിലാണ് ഫോറിന്‍ എക്‌സ്‌ചെയ്‌ഞ്ച് മാനേജ്‌മെന്‍റ് ആക്‌ടിന്‍റെ വകുപ്പ് പ്രകാരം റെയ്‌ഡ് നടത്തിയതെന്ന് ഇഡി പ്രസ്‌താവനയില്‍ പറഞ്ഞു.
റെയ്‌ഡി നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍: പരിശോധനയില്‍ ഡിജിറ്റല്‍ ഡാറ്റയും വിവിധ രേഖകളും പിടിച്ചെടുത്തുവെന്ന് ഇഡി അറിയിച്ചു. ബൈജുവിന്‍റെ തിങ്ക് ആന്‍റ് ലേണ്‍ കമ്പനി 2011 മുതല്‍ 2023 വരെ 28,000 കോടി രൂപയുടെ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചുവെന്ന് ഇഡി ആരോപിച്ചു. ഇതേ കാലയളവില്‍ കമ്പനി നേരിട്ടുള്ള നിക്ഷേപത്തിന്‍റെ പേരില്‍ വിവിധ വിദേശ അധികാരപരിധികളിലേക്ക് 9,754 കോടി രൂപ അയച്ചു. സ്വകാര്യ വ്യക്തികളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ നടപടിയെന്ന് ഇഡി അറിയിച്ചു.