ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയായ അലങ്കാർ സവായിയുടെ മൊഴി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് രേഖപ്പെടുത്തി. അടുത്തിടെ തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ടാണ് അലങ്കാർ സവായിയെ ഇഡി ചോദ്യം ചെയ്‌തത്. നേരത്തെ മൂന്ന് ദിവസങ്ങളിലായി അഹമ്മദാബാദിൽ വച്ച് സവായിയെ ഗോഖലെയോടൊപ്പം ഇഡി ചോദ്യം ചെയ്‌തിരുന്നു.
ക്രൗഡ് ഫണ്ടിങ് കേസ്: മുൻ ബാങ്കറായ അലങ്കാർ സവായ് രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയും അദ്ദേഹത്തിന്‍റെ ഗവേഷണ സംഘത്തിന്‍റെ തലവനുമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. ക്രൗഡ് ഫണ്ടിങ് വഴി ധനസമാഹരണം നടത്തിയതിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ ജനുവരി 25നാണ് 35കാരനായ സാകേത് ഗോഖലെയെ അറസ്റ്റ് ചെയ്‌തത്. ഇതിന് പിന്നാലെ ഫെഡറൽ അന്വേഷണ ഏജൻസി സവായിക്ക് സമൻസ് അയക്കുകയായിരുന്നു.
ഗോഖലെയിൽ നിന്നും സവായിയിലേക്ക്:സാകേത് ഗോഖലെയെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി അഹമ്മദാബാദ് കോടതിയെ സമീപിച്ചിരുന്നു. ഒരു വർഷത്തിനിടെ തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട 23.54 ലക്ഷം രൂപയെക്കുറിച്ച് ഇഡി ചോദിച്ചപ്പോൾ, അത്രയും തുക സമൂഹ മാധ്യമം കൈകാര്യം ചെയ്‌തിനും മറ്റ് കൺസൾട്ടൻസിക്കുമായി അലങ്കാർ സവായ് തനിക്ക് നൽകിയതെന്നായിരുന്നു ഗോഖലെ വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് അലങ്കാർ സവായ് തനിക്ക് പണം നൽകിയതെന്ന ചോദ്യത്തിന്, അത് സവായിയോട് തന്നെ ചോദിക്കണമെന്ന് ഗോഖലെ മറുപടി നൽകിയതായും ഇഡി റിമാൻഡ് റിപ്പോർട്ടിൽ കോടതിയെ അറിയിച്ചു.