ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. അഞ്ചാമത്തെ ദിവസമാണ് ചോദ്യം ചെയ്യല്‍. രാവിലെ 11.15ന് സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഇഡി ആസ്ഥാനത്ത് എത്തിയത്.
കഴിഞ്ഞ നാല് ദിവസങ്ങളിലായി 42 മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും മണിക്കൂറോളം നീളാനാണ് സാധ്യത. ഇഡി നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഇഡി ആസ്ഥാനത്തിന് ചുറ്റും പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
സോണിയ ഗാന്ധി വ്യാഴാഴ്‌ച ഹാജരായേക്കില്ല: കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ജൂണ്‍ 23ന് ഇഡി വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സോണിയ ഗാന്ധി വ്യാഴാഴ്‌ച ഇഡിക്ക് മുന്‍പില്‍ ഹാജാരായേക്കില്ല. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സോണിയ ഗാന്ധി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
നേരത്തെ ജൂണ്‍ 13 മുതല്‍ 15 വരെ ഇഡിയ്ക്ക് മുന്‍പില്‍ ഹാജരായ രാഹുല്‍ ഗാന്ധി അസുഖബാധിതയായ അമ്മ സോണിയ ഗാന്ധിക്കൊപ്പം കഴിയാൻ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി അന്വേഷണ ഉദ്യോഗസ്ഥന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് ജൂൺ 17 മുതൽ ജൂൺ 20 വരെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കി.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുന്‍ ഖാര്‍ഗെയേയും പവന്‍ കുമാര്‍ ബന്‍സാലിനെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.