ജയ്‌പൂര്‍ : മണിപ്പൂരില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥനും കൂട്ടാളിയും അറസ്റ്റില്‍. നോര്‍ത്ത് ഈസ്റ്റ് ഇംഫാലിലെ ഇഡി ഓഫിസറും വിമല്‍പുര സ്വദേശിയുമായ നവൽ കിഷോർ മീണയും കൂട്ടാളിയായ ബാബുലാലുമാണ് പിടിയിലായത്. ഇന്നാണ് (നവംബര്‍ 2) ഇരുവരെയും രാജസ്ഥാനിലെ എസിബി (Anti-Corruption Bureau) അറസ്റ്റ് ചെയ്‌തത്.
ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാനായി കുറ്റാരോപിതനില്‍ നിന്നും 15 ലക്ഷം രൂപ കൈപ്പറ്റിയെന്നതാണ് കേസ്. കൂട്ടാളിയെ ഇടനിലക്കാരനാക്കിയാണ് നവല്‍ കിഷോര്‍ മീണ തുക കൈപ്പറ്റിയത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 17 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതെന്ന് എസിബി ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തി (Bribe Case In Manipur).
അറസ്റ്റിലായ ഇരുവരെയും ജയ്‌പൂരിലെ എസിബി ആസ്ഥാനത്ത് ചോദ്യം ചെയ്‌ത് വരികയാണ്. സംഭവത്തില്‍ നിരവധി സ്ഥലങ്ങളിലേക്ക് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് ഒഴിവാക്കാനും സ്വത്ത് കണ്ടുകെട്ടാതിരിക്കാനുമായാണ് ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതെന്ന് രാജസ്ഥാന്‍ ആന്‍റി കറപ്‌ഷന്‍ ബ്യൂറോ ഔദ്യോഗിക പ്രസ്‌താവനയില്‍ അറിയിച്ചു (Manipur ED Officer Case).
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സംഘം. മുണ്ടവാറിലെ സബ് രജിസ്‌ട്രാര്‍ ഓഫിസിലെ ജൂനിയര്‍ അസിസ്റ്റന്‍റാണ് നവല്‍ കിഷോറിന്‍റെ കൂട്ടാളിയായ ബാബുലാല്‍.