ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾ പങ്കെടുത്ത യോഗത്തിൽ ആം ആദ്‌മി പാർട്ടി വക്താവും എംപിയുമായ രാഘവ് ഛദ്ദയും പങ്കെടുത്തതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ചൊവ്വാഴ്‌ച അറിയിച്ചു. കേസിൽ തന്നെ പ്രതിയാക്കിയെന്ന റിപ്പോർട്ടുകൾ ഛദ്ദ തള്ളിക്കളഞ്ഞിരുന്നു. നിലവില്‍ റദ്ദാക്കിയ ഡൽഹി മദ്യവിൽപ്പന നയവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ചൊവ്വാഴ്‌ച റോസ് അവന്യു കോടതിയിൽ സമർപ്പിച്ച രണ്ടാം അനുബന്ധ കുറ്റപത്രത്തിൽ ഇഡി ചദ്ദയുടെ പേരു നൽകിയിരുന്നു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ രാഘവ് ഛദ്ദ, പഞ്ചാബ് സർക്കാരിന്‍റെ എസിഎസ് ഫിനാൻസ്, എക്‌സൈസ് കമ്മിഷണർ, വരുൺ റൂജം, എഫ്‌സിടി, പഞ്ചാബ് എക്‌സൈസിലെ ഉദ്യോഗസ്ഥർ എന്നിവര്‍ യോഗം നയത്തിയിരുന്നു എന്ന് ഇഡി കോടതിയിൽ നൽകിയ പ്രസ്‌താവനയിൽ പറയുന്നു. കേസിലെ പ്രതിയായ വിജയ് നായരും ഈ യോഗത്തിൽ പങ്കെടുത്തു എന്നാണ് ഇഡിയുടെ കണ്ടെത്തൽ.
എന്നാൽ തന്നെ കേസിൽ പ്രതിയാക്കിയെന്ന മാധ്യമ റിപ്പോർട്ടുകൾ ഛദ്ദ തള്ളിക്കളയുകയും തെളിവുകൾ ഇല്ല എന്നും പ്രതികരിച്ചു. 'എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നൽകിയ പരാതിയിൽ എന്നെ പ്രതിയാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കണ്ടു. എന്നാൽ ഇത് വസ്‌തുതാപരമായി തെറ്റും എന്‍റെ പ്രശസ്‌തിക്കും വിശ്വാസ്യതയ്ക്കും ഹാനി വരുത്താനുള്ള ദുരുദ്ദേശ്യപരമായ പ്രചരണത്തിന്‍റെ ഭാഗവുമാണ്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നൽകിയ ഒരു പരാതിയിലും എന്നെ പ്രതി ആയിപ്പോലും പരാമർശിച്ചിട്ടില്ല. പ്രസ്‌തുത പരാതികളിൽ എനിക്കെതിരെ ഒരു ആരോപണവും ഇല്ല' -ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞു.