ന്യൂഡല്‍ഹി : ഹരിയാനയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ആദ്യമായാണ് പ്രിയങ്കയെ കേസില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ ഇവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു (Priyanka's name included in money laundering charge sheet)
ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ ഭൂമി പ്രിയങ്ക വാങ്ങിയതായാണ് കുറ്റപത്രത്തിലെ പരാമര്‍ശം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ എച്ച് എല്‍ പഹ്വയില്‍ നിന്ന് 2006ല്‍ പ്രിയങ്ക ഭൂമി വാങ്ങുകയും 2010 ഫെബ്രുവരിയില്‍ ഇതേ ഭൂമി അവര്‍ക്ക് തന്നെ തിരികെ വില്‍ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്(Haryana land purchase).
ഫരീദാബാദിലെ അമിര്‍പൂര്‍ ഗ്രാമത്തിലാണ് പ്രിയങ്ക ഭൂമി വാങ്ങിയത്. ഇതോടൊപ്പം ഇവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 40.08 ഏക്കര്‍ ഭൂമിയും 2005-2006 കാലത്ത് വാങ്ങിയെന്നും കുറ്റപത്രത്തില്‍ ഇഡി ആരോപിക്കുന്നു. പിന്നീട് 2010ല്‍ ഇതേ ഭൂമി പഹ്വയ്ക്ക് തന്നെ വിറ്റു. പഹ്വ പിന്നീട് ഈ ഭൂമി വിദേശ വ്യവസായി സിസി തമ്പിക്ക് കൈമാറിയതായും ഇഡി വ്യക്തമാക്കുന്നു. ഇയാളുമായി പ്രിയങ്കയ്ക്കും റോബര്‍ട്ടിനും ഏറെക്കാലമായി അടുപ്പമുണ്ടെന്നും സൂചനയുണ്ട്.
ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തിലാണ് ഈ പരാമര്‍ശങ്ങള്‍. ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. വിദേശനാണ്യ ഇടപാട്, കള്ളപ്പണ നിയമങ്ങള്‍, ഔദ്യോഗിക രഹസ്യ നിയമം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.