ന്യൂഡല്‍ഹി: ബിബിസി ചാനലിനെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തെ തുടര്‍ന്നാണ് കേസ്. വിദേശ നാണയ വിനിമയ ചട്ട പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഫോറിന്‍ എക്‌സ്ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) നിയമ പ്രകാരം രേഖകള്‍ ഇഡിക്ക് മുന്നില്‍ ഹാജരാക്കണമെന്നും ബിബിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഇഡി അറിയിച്ചു. കൂടാതെ ബിബിസിയുടെ എഡിറ്റോറിയല്‍, അഡ്‌മിനിസ്‌ട്രേറ്റീവ് വകുപ്പുകളോട് വിഷയത്തില്‍ വിശദീകരണം നല്‍കാനും ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യ ദി മോദി ക്വസ്റ്റ്യനും വിമര്‍ശനങ്ങളും:2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കൊണ്ട് 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' എന്ന തലക്കെട്ടില്‍ ബിബിസി നിര്‍മിച്ച ഡോക്യുമെന്‍ററി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബിബിസിക്ക് എതിരെയുള്ള കേസെടുക്കല്‍ എന്നാണ് ഉയരുന്ന ആരോപണം. ബിബിസി പ്രസിദ്ധീകരിച്ച ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചു എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെയും ബിജെപി അനുകൂലികളുടെയും വിമര്‍ശനം. മോദിയെ വിമര്‍ശിച്ച് പുറത്തിറക്കിയ ഡോക്യുമെന്‍ററി ആയത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
ഡോക്യുമെന്‍ററിയുടെ ലിങ്കുകളുള്ള യൂട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും തടയാനും നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ ഡോക്യുമെന്‍ററിയുടെ ലിങ്കുകളുള്ള 50 ലധികം ട്വീറ്റുകള്‍ തടയാന്‍ സര്‍ക്കാര്‍ ട്വിറ്ററിനോടും ഉത്തരവിട്ടു. മോദിക്കും സര്‍ക്കാരിനും എതിരെയുള്ള ഈ ഡോക്യുമെന്‍ററിയിലൂടെ ബിബിസി രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാന്‍ ശ്രമിച്ചുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. 1000ത്തോളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തില്‍ ഭൂരിപക്ഷം പേരും മുസ്‌ലിം സമുദായത്തില്‍ പെട്ടവരായിരുന്നു.
പ്രതികരണവുമായി ഇലോണ്‍ മസ്‌ക്: വിവാദമായ ബിബിസിയുടെ ഡോക്യുമെന്‍ററി ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്‌തില്ല. എന്നാല്‍ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തു. വിഷയവുമായി ബന്ധപ്പെട്ടുള്ള ട്വിറ്റര്‍ പോസ്റ്റുകളും മറ്റും തടയാനും ഡോക്യുമെന്‍ററിയുടെ ലിങ്കുകളുള്ള പോസ്‌റ്റുകള്‍ തടയാനും ഇലോണ്‍ മസ്‌ക്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൈക്രോ ബ്ലോഗിങ് സൈറ്റ് തടഞ്ഞ ഡോക്യുമെന്‍ററിയെയും അനുബന്ധ പോസ്റ്റുകളെയും കുറിച്ച് തനിക്ക് അറിയില്ലെന്നും ഇന്ത്യയിൽ വളരെ കർശനമായ സോഷ്യൽ മീഡിയ നിയമങ്ങളുണ്ടെന്നും അത് ലംഘിക്കുന്നതിന് പകരം നിയമങ്ങൾ പാലിക്കുന്നതിനെയാണ് താൻ അനുകൂലിക്കുന്നതെന്നും ആയിരുന്നു ഇലോണ്‍ മസ്ക്കിന്‍റെ പ്രതികരണം.
ബിബിസിയിലെ ആദായ വകുപ്പും പരിശോധനയും: ഡോക്യുമെന്‍ററി ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചതിന് പിന്നാലെ ധനവിനിമയത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. തുടര്‍ച്ചയായ 58 മണിക്കൂറാണ് ആദായ നികുതി വകുപ്പ് ഓഫിസില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ബിബിസിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഓഫിസില്‍ നിന്ന് ലഭ്യമായ വരുമാന, ലാഭ കണക്കുകള്‍ ഇന്ത്യയിലെ ബിബിസിയുടെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ഓഫിസിലെ ജീവനക്കാരെയും നിരവധി രേഖകളും പരിശോധനയക്ക് വിധേയമാക്കിയ സംഘം വിഷയവുമായി ബന്ധപ്പെട്ട് ഓഫിസില്‍ നിന്നും നിര്‍ണായകമായ ഏതാനും തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരെയുള്ള അന്വേഷണ നടപടികള്‍ തുടരുമെന്നും അറിയിച്ചിരുന്നു.