ന്യൂഡൽഹി: ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഉയർന്ന വരുമാനം നൽകാമെന്ന് പറഞ്ഞ് 900 പേരിൽ നിന്നായി 1200 കോടി രൂപ തട്ടിയെടുത്ത മലയാളി വ്യവസായിയുടെയും കൂട്ടാളികളുടെയും 36 കോടിയിലധികം വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. വ്യവസായിയായ നിഷാന്ത്.കെ യുടെയും കൂട്ടാളികളുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതികളുടെ കേരളം, തമിഴ്‌നാട്, കർണാടക, ന്യൂഡൽഹി എന്നിടങ്ങളിലുള്ള 11 സ്ഥാപനങ്ങളിലായിരുന്നു ഇഡി റെയ്‌ഡ് നടത്തിയത്.
മോറിസ് കോയിൻ ക്രിപ്‌റ്റോകറൻസി പുറത്തിറക്കാനെന്ന പേരിലാണ് നിഷാദും കൂട്ടാളികളും പണം തട്ടിയത്. പ്രതികളുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസെടുത്തു. നിഷാദിന്‍റെയും കമ്പനികളുടെയും പേരിലുള്ള നിരവധി ബാങ്ക് അക്കൗണ്ട്, നിഷാദിന്‍റെ കൂട്ടാളിയുടെ ഭൂമിയും നിഷാദിന്‍റെ സഹായി ആളുകളിൽ നിന്ന് തട്ടിച്ച വരുമാനത്തിൽ നിന്ന് വാങ്ങിയ ക്രിപ്റ്റോ കറൻസികൾക്ക് തുല്യമായ പണം എന്നിവ ഉൾപ്പെടെയുള്ള സ്ഥാവര സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ഉൾപ്പെടെ നിരവധി എഫ്ഐആർ നിഷാദിന്‍റെ പേരിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്‌തിരുന്നു. 900ഓളം പേരിൽ നിന്നായി 1200 കോടി രൂപ തട്ടിയെടുത്തെന്ന് എഫ്ഐആറിൽ പറയുന്നു. ഈ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചത്.