ന്യൂഡല്‍ഹി: ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് വര്‍ഗീസിന്‍റെ 305 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു. കമ്പനി വന്‍തുക ഹവാല ചാനലിലൂടെ ദുബായിലേക്ക് കടത്തി എന്നതില്‍ എടുത്ത ഫെമ (Foreign Exchange Management Act) കേസിലാണ് നടപടിയെന്ന് ഇഡി അറിയിച്ചു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ നിരവധിയിടങ്ങളില്‍ ഫെബ്രുവരി 22ന് ഇഡി തെരച്ചില്‍ നടത്തിയിരുന്നു.
ജോയ് ആലുക്കാസ് വര്‍ഗീസിന്‍റെ 305 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി - ജോയ് ആലുക്കാസ് ഇഡി റേയിഡ്
കേരളത്തില്‍ നിന്ന് വന്‍ തുക ജോയ് ആലുക്കാസ് ഗ്രൂപ്പ് ദുബായിലേക്ക് ഹവാല വഴി കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി
33 സ്ഥാവരസ്വത്തുക്കള്‍(immovable properties) കണ്ട് കെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഇവയ്‌ക്ക് 81.54 കോടി രൂപ മുല്യം വരും. തൃശൂര്‍ ജില്ലയിലെ ശോഭ സിറ്റിയിലെ സ്ഥലവും ഗാര്‍ഹിക കെട്ടിടവും, മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ (ഇതിലെ മൊത്തം നിക്ഷേപം 91.22 ലക്ഷം രൂപ), മൂന്ന് സ്ഥിര നിക്ഷേപങ്ങളിലായി 5.58 കോടി രൂപ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിലെ 217.81 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ എന്നിവയാണ് കണ്ട് കെട്ടിയതെന്ന് ഇഡി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
തെരച്ചലില്‍ തെളിവുകള്‍ ലഭിച്ചെന്ന് ഇഡി: ഫെമ 37എ വകുപ്പ് പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഹവാല ചാനലിലൂടെ വന്‍ തുക കേരളത്തില്‍ നിന്ന് ദുബായിയിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സി(Joy alukkas Jewellery LLC) എന്ന കമ്പനിയിലാണ് നിക്ഷേിച്ചത് എന്നും ഇതിലാണ് നടപടി എന്നുമാണ് ഇഡി പ്രസ്‌താവനയില്‍ വ്യക്തമാക്കിയത്. Joy alukkas Jewellery LLC എന്ന കമ്പനി നൂറ് ശതമാനവും ജോയ് ആലുക്കാസ് വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്ന് ഇഡി അറിയിച്ചു. ജോയ് ആലുക്കാസ് ഹവാല ഇടപാട് നടത്തി എന്നതിന് വ്യക്തമായ തെളിവുകള്‍ തെരച്ചലില്‍ ലഭിച്ചു എന്നും ഇഡി അറിയിച്ചു.