ന്യൂഡൽഹി :കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്‍റെ കൈമാറ്റത്തില്‍ കളളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ചുള്ള കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഏകദേശം 20 മണിക്കൂറിലധികം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തിരുന്നു.
രണ്ടാം ദിവസം നടന്ന ചോദ്യം ചെയ്യലില്‍ രാഹുലിന്‍റെ ഭാഗത്തുനിന്ന് തൃപ്‌തികരമായ മറുപടികള്‍ ലഭിക്കാതെ വന്നതോടെയാണ് ഇന്നും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്. ദീർഘ നേരമെടുത്ത് ഏറെ ആലോചിച്ചാണ് ഓരോ ചോദ്യത്തിനും രാഹുൽ മറുപടി നൽകുന്നതെന്നാണ് വിവരം. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധിയ്‌ക്കും ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ബുധനാഴ്‌ചയും കനത്ത പ്രതിഷേധം അരങ്ങേറി. ചോദ്യം ചെയ്യൽ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപി ജെബി മേത്തര്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
തിങ്കളാഴ്‌ച പ്രതിഷേധം നടത്തിയതിനെ തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാർഗെ, ലോക്‌സഭ കക്ഷിനേതാവ് ആധിര്‍ രഞ്‌ജന്‍ ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കളളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുന്‍ ഖാര്‍ഗെയെയും, പവന്‍ കുമാര്‍ ബന്‍സാലിനെയും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.