ചണ്ഡിഗഡ് :ബോളിവുഡ് താരം സോനു സൂദിന്‍റെ 'പഞ്ചാബ് സ്റ്റേറ്റ് ഐക്കൺ' നിയമനം റദ്ദാക്കിയതായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ എസ് കരുണ രാജു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരി മാളവിക മത്സരിക്കുന്നതിനാൽ സ്ഥാനമൊഴിയുകയാണെന്ന് താരം അറിയിച്ചതിന് പിന്നാലെയാണ് കമ്മിഷന്‍റെ നടപടി.
തെരഞ്ഞെടുപ്പ് കമ്മിഷൻ 2020ലാണ് സോനു സൂദിന് പഞ്ചാബിന്‍റെ സ്റ്റേറ്റ് ഐക്കൺ പദവി നൽകിയത്. ജനുവരി നാലിനാണ് താരത്തിന്‍റെ നിയമനം റദ്ദാക്കിയതെന്നും കരുണ രാജു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ALSO READ:'ദൈവത്തെ കോടതിയില്‍ ഹാജരാക്കേണ്ടതില്ല'; കീഴ്‌ക്കോടതിയുടെ സമന്‍സിനെതിരെ മദ്രാസ് ഹൈക്കോടതി
'എല്ലാ നല്ല കാര്യങ്ങളും പോലെ, ഈ യാത്രയും അവസാനിച്ചു. പഞ്ചാബിന്‍റെ സ്റ്റേറ്റ് ഐക്കൺ സ്ഥാനത്ത് നിന്ന് ഞാൻ സ്വമേധയാ പിൻമാറുകയാണ്' - സോനു സൂദ് ട്വീറ്റ് ചെയ്‌തു. സഹോദരി മാളവിക രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നും എന്നാൽ തനിക്ക് അത്തരം പദ്ധതികളൊന്നുമില്ലെന്നും കഴിഞ്ഞ നവംബറിൽ സോനു സൂദ് അറിയിച്ചിരുന്നു.
പഞ്ചാബിലെ മോഗ സ്വദേശിയായ താരം, കഴിഞ്ഞ വർഷം രാജ്യത്ത് കൊവിഡ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്ന നിരവധി കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിലേക്ക് എത്തിക്കാൻ സഹായിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു.