ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് കമ്മീഷണര്‍മാരുടെയും നിയമനത്തിനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കിയ നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. അതേസമയം വിഷയം പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും കോടതി വ്യക്തമാക്കി(EC's appointment).
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം(SC refuses to stay new law). പരാതിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം സിങ്ങാണ് പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന് കോടതിയില്‍ വാദിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെയും കമ്മീഷണര്‍മാരെയും നിയമിക്കാനുള്ള പുതിയ നിയമം ചോദ്യം ചെയ്ത് രണ്ട് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
നിയമന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റി ഒരു മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. പരമോന്നത കോടതിയുടെ മറ്റൊരു ഉത്തരവിനെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഇതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂറും സഞ്ജയ് നാരായണ്‍ റാവു മേഷ്രവുമാണ് പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. 2023ലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന സേവന വേതന വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.