പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം എഗ്ര (പശ്ചിമ ബംഗാള്‍):കിഴക്കന്‍ മിദ്‌നാപൂരിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. കിഴക്കൻ മേദിനിപൂർ ജില്ലയിലെ എഗ്ര ബ്ലോക്കിലെ സഹാറ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ചൊവ്വാഴ്‌ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴുപേര്‍ ചികിത്സയിലാണ്.
ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ വലിയ ശബ്‌ദത്തോടെയുണ്ടായ സ്‌ഫോടനം കേട്ടാണ് പ്രദേശവാസികള്‍ ഉണരുന്നത്. തുടര്‍ന്ന് അപകടം നടന്ന സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പ്രദേശവാസികളും ഇവര്‍ അറിയിച്ച വിവരം പ്രകാരം എത്തിച്ചേര്‍ന്ന പൊലീസും ചേര്‍ന്ന് അപകടസ്ഥലത്ത് നിന്നും നിരവധിപേരെ എഗ്ര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം അഗ്നിശമന സേനയെത്തി തീയണക്കുകയായിരുന്നു. നിലവില്‍ അപകടം നടന്ന പ്രദേശം രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പൊലീസ് നിയന്ത്രണത്തിലാണ്.
ആരോപണവുമായി ബിജെപി:അതേസമയം അപകടം നടന്ന പടക്കനിര്‍മാണശാല തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റേതാണെന്നറിയിച്ച് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ സുകന്ത മജുംദാര്‍ രംഗത്തെത്തി. അപകടമുണ്ടായ പടക്കനിര്‍മാണശാലയില്‍ ഇവര്‍ ബോംബ് നിര്‍മാണമാണ് നടത്തുന്നതെന്നും ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ അപകടം ക്രമസമാധാനനില ചോദ്യം ചെയ്യുന്നതാണെന്നും സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാഞ്ചീപുരത്തും സ്‌ഫോടനം:അടുത്തിടെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപതുപേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ ഒൻപത് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മാത്രമല്ല 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഒരിക്കാ കണ്ടിപുരത്തോട് ചേർന്ന കുരുവിമല വള്ളത്തോട്ടം ഭാഗത്ത് നരേന്ദ്രൻ ഫയർ വർക്‌സ് എന്ന പടക്ക നിർമ്മാണശാലയിലാണ് ഒമ്പതുപേരുടെ ജീവനെടുത്ത സ്‌ഫോടനമുണ്ടായത്. എന്നാല്‍ മരിച്ച ഒമ്പത് പേരിൽ മൂന്ന് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപകട സമയത്ത് 30ലധികം തൊഴിലാളികളാണ് പടക്കശാലയില്‍ ജോലിയിൽ ഏർപ്പെട്ടിരുന്നത്. ഇതിനിടെ ഉച്ചയോടെ ഗോഡൗണില്‍ ഭയാനകമായ ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഈ സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ കെട്ടിടം തകർന്നു വീണു. മാത്രമല്ല സ്‌ഫോടനത്തെത്തുടർന്ന് കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായതായും പൊലീസ് അറിയിച്ചിരുന്നു. പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍:പൊട്ടിത്തെറിയെ തുടർന്ന് നാലുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കൂടാതെ അഞ്ച് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ തമിഴ്‌നാട് ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ടി.എം അൻബരശൻ കാഞ്ചീപുരം ജില്ല സർക്കാർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കാണുകയും മരിച്ചവരുടെ ബന്ധുക്കളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
അതേസമയം പൊള്ളലേറ്റവർ കാഞ്ചീപുരം ജില്ല സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. സംഭവത്തിൽ മഗറൽ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും നരേന്ദ്രൻ ഫയർ വർക്ക്‌സ് ഫാക്‌ടറിയുടെ ഉടമ നരേന്ദ്രനെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. 20 വർഷത്തിലേറെയായി പടക്ക നിർമ്മാണശാല ഇവിടെ പ്രവർത്തിക്കുന്നുണ്ട്.