ന്യൂഡല്‍ഹി: നേപ്പാളില്‍ ഭൂചലനം ഉണ്ടായതിന് പിന്നാലെ ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം രേഖപ്പടുത്തി. ഉത്തരാഖണ്ഡിലെ പിത്തോരഗഢിന് സമീപം ഹിമാലയൻ മേഖലയിൽ റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. നേപ്പാളിലെ ഡോട്ടി ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഡല്‍ഹിയിലും ഗാസിയാബാദിലും ഗുരുഗ്രാമിലും ലഖ്‌നൗവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ നിന്ന് 90 കിലോമീറ്റർ അകലെ നേപ്പാളിലാണ് ഭൂചലനം ആദ്യം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 1.57നാണ് സംഭവം.
ഭൂചലനത്തില്‍ വീടുകള്‍ തകര്‍ന്ന് നേപ്പാളില്‍ 6 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നേപ്പാളിലും നേപ്പാളിനോട് ചേര്‍ന്നുള്ള ഉത്തരാഖണ്ഡിന്‍റെ പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഉത്തരകാശിയിൽ നിന്ന് 17 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായി 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിട്ടുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാധിക ഖേര നിര്‍ദേശിച്ചു. ഗോർഖ ഭൂചലനം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പാക്കിസ്ഥാനിലെ ലാഹോർ, ടിബറ്റിലെ ലാസ, ബംഗ്ലാദേശിലെ ധാക്ക എന്നിവിടങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്.
1934ല്‍ ആണ് നേപ്പാളില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടത്. റെക്‌ടര്‍ സ്‌കെയിലില്‍ 8.0 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്. കാഠ്‌മണ്ഡു, ഭക്തപൂർ, പാടാൻ നഗരങ്ങളില്‍ വന്‍തോതിലുള്ള നാശനഷ്‌ടം ഈ ഭൂചലനത്തില്‍ സംഭവച്ചിരുന്നു.