ലഡാക്ക്:ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളില്‍ ഭൂചലനം. ലഡാക്കിലും കത്രയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ലഡാക്കിലെ ലേ ജില്ലയിൽ നിന്ന് 295 കിലോമീറ്റർ വടക്കുകിഴക്കായാണ് ഞായറാഴ്‌ച ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ 2.16ന് 10 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനം ഉണ്ടായത്.
ജമ്മു കശ്‌മീരിലെ കത്രയില്‍ പുലർച്ചെ 3.50ഓടെയാണ് ഭൂചലനം ഉണ്ടായത്. രണ്ടിടങ്ങളിലും റിക്‌ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
'18-06-2023ന് ഭൂകമ്പം: 4.1 സംഭവിച്ചു, 02:16:49 ഐ എസ് ടി, ലാറ്റ്: 35.85 & ദൈർഘ്യം: 80.08, ആഴം: 10 കി.മീ. , സ്ഥലം: 295 കി.മീ NE, ലേ, ലഡാക്ക്' -ലഡാക്കിലെ ഭൂചലനം സംബന്ധിച്ച് എൻസിഎസ് ട്വീറ്റ് ചെയ്‌തു.
'ജമ്മു കശ്‌മീരിലെ കത്രയില്‍ 18-06-2023-ന് ഭൂകമ്പം:4.1 സംഭവിച്ചു. 03:50:29 ഐ എസ് ടി, ലാറ്റ്: 32.96 & ദൈർഘ്യം: 75.79, ആഴം: 11 കി.മീ , സ്ഥാനം: 80 കി.മീ കത്ര' -എൻസിഎസ് ട്വീറ്റ് ചെയ്‌തു.
രാജ്യത്തെ ഭൂകമ്പവും അനുബന്ധ കാര്യങ്ങളും നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യ ഗവൺമെന്‍റിന്‍റെ നോഡൽ ഏജൻസിയാണ് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അഥവ എൻസിഎസ്.
കത്ര പട്ടണത്തിൽ ബുധനാഴ്‌ച (ജൂണ്‍ 14) യും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 2.20 ഓടെയാണ് റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കത്രയുടെ 81 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിക്കുകയായിരുന്നു. അതേസമയം ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിരുന്നില്ല.
ജൂണ്‍ 13 ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 1.33 ഓടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം ഉണ്ടായിരുന്നു. ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത് റിക്‌ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിലെ ഗണ്ഡോ ഭലസ എന്ന വിദൂര ഗ്രാമത്തിനടുത്താണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് അധികൃതർ അറിയിച്ചത്.
എന്നാല്‍ ഭൂചലനത്തിൽ കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടമോ ആളപായമോ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. ജൂണ്‍ 11ന് അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ കമെങ് ജില്ലയിലും ഭൂചലനം ഉണ്ടായിരുന്നു. റിക്‌ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് കേന്ദ്ര ഗവൺമെന്‍റിന്‍റെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ജൂണ്‍ 11ന് രാവിലെ 6.34നാണ് ഭൂകമ്പം ഉണ്ടായത്. മേഘാലയയിലെ ഷില്ലോങ്ങിൽ നിന്ന് 173 കിലോമീറ്റർ വടക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ കമെങ് ജില്ലയുടെ പല ഭാഗങ്ങളിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 33 കിലോമീറ്റർ ആഴത്തിൽ 27.02 അക്ഷാംശത്തിലും 92.57 രേഖാംശത്തിലും പ്രകമ്പനം ഉണ്ടായി എന്നാണ് എൻസിഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.