ഹൈദരാബാദ് : ആൻഡമാൻ നിക്കോബാറിൽ റിക്‌ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്‌തതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്). റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാകിസ്ഥാനിലും രേഖപ്പെടുത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 10 കിലോമീറ്റർ ആഴത്തിൽ ഉറവിടമായി ഇന്ന് പുലർച്ചെ 5.07നാണ് ഭൂചലനമുണ്ടായത്.
ഭൂചലനത്തെ തുടർന്ന് ദ്വീപുകളിൽ എന്തെങ്കിലും നാശനഷ്‌ടം ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഗുജറാത്തിലെ ദ്വാരകയിൽ നിന്ന് 431 കിലോമീറ്റർ വടക്കായാണ് പാകിസ്ഥാനിൽ ഭൂകമ്പം ഉണ്ടായതെന്ന് രാജ്യത്തെ ഭൂചലന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ നോഡൽ ഏജൻസി അറിയിച്ചു. രാവിലെ 6.32 നാണ് ഭൂചലനം റിപ്പോർട്ട് ചെയ്‌തത്. 15 കിലോമീറ്റർ ആഴത്തിലാണ് കമ്പനം ഉണ്ടായതെന്ന് ഏജൻസി ട്വീറ്റ് ചെയ്‌തു.
ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 128 ഭൂകമ്പങ്ങൾ: ജനുവരിയിൽ ഇന്ത്യയിലും അതിന്‍റെ സമീപ പ്രദേശങ്ങളിലും 128 ഭൂകമ്പങ്ങൾ കേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുകുഷ് മേഖല, ഉത്തരേന്ത്യ (ലഡാക്ക്, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്) വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലാണ് ഭൂചലനങ്ങൾ പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാജ്യത്തിന്‍റെ വടക്ക് (ഉത്തർപ്രദേശിലെ ഷാംലി, സഹാറൻപൂർ), പടിഞ്ഞാറ് (ഗുജറാത്തിലെ കച്ച്, മഹാരാഷ്ട്രയിലെ ജൽഗാവ്, ഹിംഗോളി), തെക്ക് (തെലങ്കാനയിലെ സംഗറെഡ്ഡി, കർണാടകയിലെ കലബുർഗി, വിജയപുര, കർണാടക) എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റിക്‌ടർ സ്കെയിലിൽ 3.0ൽ താഴെ തീവ്രതയുള്ള 28 ഭൂചലനങ്ങൾ ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിക്‌ടർ സ്കെയിലിൽ 5.0 തീവ്രതയുള്ള 6 ഭൂചലനങ്ങളും രേഖപ്പെടുത്തി.
ഞായറാഴ്‌ച രാവിലെ ജമ്മു കശ്‌മീരിലെ ബന്ദിപ്പോര ജില്ലയിൽ റിക്‌ടർ സ്കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.57നാണ് ഭൂചലനമുണ്ടായതെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. സീസ്മോളജിക്കൽ ഡാറ്റകൾ പ്രകാരം, ഭൂമിയുടെ ഉപരിതലത്തിൽ 10 കിലോമീറ്റർ അക്ഷാംശം (latitude) 34.42 ഡിഗ്രി വടക്കും രേഖാംശം (longitude) 74.88 ഡിഗ്രി കിഴക്കുമാണ് ഭൂകമ്പം ഉണ്ടായത്. ഞായറാഴ്‌ച ഉണ്ടായ ചലനത്തിൽ നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.