ന്യൂഡല്‍ഹി: ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ ചൊവ്വാഴ്‌ച രാത്രിയുണ്ടായ ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായി പതിനൊന്ന് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത അനുഭവപ്പെട്ടതായി നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യയ്‌ക്ക് പുറമെ പാകിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്‌ബക്കിസ്ഥാന്‍, ചൈന, കാര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം: അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇന്നലെ രാത്രി 10.17നാണ് ഭൂചലനമുണ്ടായത്. ഇസ്‌ലാമാബാദ്, പെഷവാർ, ചർസദ്ദ, ലാഹോർ, റാവൽപിണ്ടി, ഗുജ്‌റൻവാല, ഗുജറാത്ത്, സിയാൽകോട്ട്, കോട് മോമിൻ, മധ് രഞ്ജ, ചക്‌വാൾ, കോഹട്ട്, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഉത്തരേന്ത്യയിലും ആശങ്ക: ഭൂചലനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തി. ജാമിയ നഗർ, കൽക്കാജി, ഷഹ്ദാര എന്നിവിടങ്ങളിലെ കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. അഗ്നിശമന സേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടുനുള്ളില്‍ നിന്ന് ജനങ്ങള്‍ തുറസായ സ്ഥലങ്ങളിലേക്ക് മാറി. ജാമിയ നഗർ, കൽക്കാജി, ഷഹ്ദാര എന്നിവിടങ്ങളിലെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളലുണ്ടായി. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങൾ ഈ പ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം ഷകര്‍പൂരില്‍ ഒരു കെട്ടിടത്തിന് വിള്ളലുണ്ടായെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നി ശമന സേന, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവര്‍ പരിശോധന നടത്തിയെങ്കിലും വിള്ളലുകള്‍ കണ്ടെത്താനായില്ല.
ഭൂചലനത്തില്‍ കെട്ടിടം ചരിഞ്ഞതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിവരം നല്‍കിയതെന്ന് വിളിച്ചയാള്‍ പറഞ്ഞു. ഈ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും നിലവില്‍ കെട്ടിടം സുരക്ഷിതമാണെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രീത് വിഹാര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു. ഷകര്‍പൂരില്‍ വിള്ളലുണ്ടായെന്ന് വിവരം ലഭിച്ച കെട്ടിടം അടുത്തിടെ നിര്‍മിച്ചതാണ്.