നര്‍സിംഗ്‌പുര്‍ (മധ്യപ്രദേശ്): ദ്വാരക പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി. സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ സംസ്‌കാരം ഇന്ന് (12.09.2022) നർസിംഗ്പൂർ ജില്ലയിലെ ദ്വാരക പീഠം ആശ്രമത്തില്‍ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ നടന്നു. ഗുജറാത്തിലുള്ള ദ്വാരക ശാരദാപീഠത്തിന്‍റെയും ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിന്‍റെയും ശങ്കരാചാര്യനായിരുന്ന സ്വാമി സ്വരൂപാനന്ദക്ക് പരംഹന്‍സി ഗംഗാശ്രമം കാമ്പസിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു 'ഭൂ സമാധി' നൽകിയത്.
ജനസാഗരമായി ദ്വാരക പീഠം; ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി - ഷിർദിയിലെ സായിബാബ
ആയിരങ്ങളെ സാക്ഷിയാക്കി വേദമന്ത്രങ്ങളുടെ അകമ്പടിയോടെ ദ്വാരക പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിക്ക് ഭൂ സമാധി
ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) ഇന്നലെ (12.09.2022) ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന് ആശ്രമത്തിൽവച്ചാണ് മരണമടഞ്ഞത്. ഒരു വർഷത്തിലേറെയായി അദ്ദേഹത്തെ വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. 1924-ൽ മധ്യപ്രദേശിലെ സിയോനി ജില്ലയിലെ ദിഘോരി ഗ്രാമത്തിൽ ജനിച്ച പോത്തിറാം ഉപാധ്യായ ശങ്കരാചാര്യരായി മാറിയത് കാലം അടയാളപ്പെടുത്തിയതാണ്. തന്‍റെ ഒമ്പതാം വയസ്സില്‍ ദൈവത്തെ തേടി വീടുവിട്ടിറങ്ങിയ അദ്ദേഹം 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതോടെ സ്വാതന്ത്ര്യ സമര സേനാനിയായും മാറി. ഇതിന്‍റെ ഭാഗമായി ഒരു തവണ ഒമ്പത് മാസവും, മറ്റൊരു തവണ ആറ് മാസവും ജയിലില്‍ അടക്കപ്പെടുകയും ചെയ്‌തു.
സ്വാതന്ത്ര്യ സമരത്തിലെ 'വിപ്ലവ സാധു' ആയ അദ്ദേഹം മതപരവും രാഷ്‌ട്രീയവുമായ വിഷയങ്ങളിൽ പലപ്പോഴും മനസ്സ് തുറന്നുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. ഷിർദിയിലെ സായിബാബയെ ദൈവീകമായി പ്രതിഷ്ഠിച്ചതിനെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തിരുന്നു. 1981 ലാണ് അദ്ദേഹം ദ്വാരകാപീഠത്തിലെ ശങ്കരാചാര്യനായി മാറുന്നത്. ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ വിയോഗത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് പട്ടേൽ, ഫഗൻ സിംഗ് കുലസ്‌തെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ കമൽനാഥ്, ദിഗ്‌വിജയ് സിംഗ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി തുടങ്ങിയ നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.