മുംബൈ:റഷ്യ - യുക്രൈന്‍ യുദ്ധം കാരണം ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളില്‍ വിലക്കയറ്റവും മറ്റ് സാമ്പത്തിക പ്രതിസന്ധികളുമാണ് ഉണ്ടാക്കിയത്. ഇതില്‍ സാധാരണ ജനങ്ങള്‍ സമ്പത്തികമായ പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ വന്‍ വരുമാന വര്‍ധനവ് ഉണ്ടാക്കിയിരിക്കുകയാണ് ഇന്ത്യയിലെ അതിസമ്പന്നന്‍മാരായ ഗൗതം അദാനിയും മുകേഷ് അംബാനിയും.
യുദ്ധം തുടങ്ങിയതിന് ശേഷം ഗൗതം അദാനി വര്‍ധിപ്പിച്ചത് 2500 കോടി ഡോളറാണ്. മുകേഷ് അംബാനി വര്‍ധിപ്പിച്ചത് 800 കോടി ഡോളറും. കല്‍ക്കരിയുടെ വില വലിയ രീതിയിലാണ് ഉയര്‍ന്നതാണ് ഗൗതം അദാനിക്ക് നേട്ടമായത്. ഓസ്ട്രേലിയയിലുള്ള തന്‍റെ കല്‍ക്കരി ഖനിയില്‍ ഉത്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ് ഗൗതം അദാനി. ആഗോള തലത്തില്‍ പെട്രോളിന്‍റെ വില വര്‍ധിച്ചതാണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം റിഫൈനിങ് ശാലയുടെ ഉടമസ്ഥനായ മുകേഷ് അംബാനിക്ക് നേട്ടമായത്.
ഇപ്പോഴത്തെ അന്താരാഷ്ട്ര വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിച്ച അസംസ്‌കൃത എണ്ണ കമ്പനിയുടെ കൈവശമുണ്ട് . ഇതുപയോഗിച്ച് കൊണ്ട് വര്‍ധിച്ച അളവില്‍ പെട്രോളും ഡീസലും സംസ്‌കരിച്ചെടുക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്. വലിയ മാര്‍ജിനാണ് ഇതിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ലഭിക്കുന്നത്.
വികസിത രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ഇന്ധനങ്ങള്‍ വാങ്ങുന്നത് കുറയ്‌ക്കുകയും അവയ്ക്കായി മറ്റ് കേന്ദ്രങ്ങള്‍ തേടുന്നതും ഫോസില്‍ ഇന്ധനങ്ങളുടെ വിതരണക്കാരയ ഇന്ത്യയിലെ ഈ അതി സമ്പന്നര്‍ക്ക് അനുഗ്രഹമാവുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായവത്കരിക്കപ്പെട്ട രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 7 രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ പൂര്‍ണമായും നിരോധിക്കുമെന്നുള്ള പ്രഖ്യാപാനം നടത്തിയിരുന്നു. ഇങ്ങനെ അസംസ്‌കൃതഎണ്ണ കുറയുമ്പോള്‍ കുറഞ്ഞകാലത്തെങ്കിലും പകരം കല്‍ക്കരി ഉപയോഗിക്കേണ്ടിവരും എന്നത് അദാനിക്ക് നേട്ടമാവുകയാണ്.
കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ തോതില്‍ ഉണ്ടാവാന്‍ കാരണമാകുന്ന ഇന്ധനമാണ് കല്‍ക്കരി. ആഗോള താപനം പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായി കല്‍ക്കരി ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ ലോക രാജ്യങ്ങള്‍ തീരുമാനം എടുത്തതാണ്. പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ കല്‍ക്കരിയുടെ ആവശ്യകത വര്‍ധിച്ചുവരുമെന്നാണ് കണക്കാക്കുന്നത്. ലോകത്ത് കല്‍ക്കരിയുടെ ആവശ്യകത ഈ വര്‍ഷം(2022) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്നും ഇത് 2024 വരെ നിലനില്‍ക്കുമെന്നാണ് ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കാക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷ പാദത്തില്‍ ആദാനി എന്‍റെര്‍പ്രൈസ് ലിമിറ്റഡിന്‍റെ ലാഭം 30ശതമാനമാണ് വര്‍ധിച്ചത്. കമ്പനിയുടെ കഴിഞ്ഞ ആറ് സാമ്പത്തിക പാദത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഇത്. റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കാല പരിധിയില്‍ റിലയന്‍സിന്‍റെ ഓഹരി 19 ശതമാനവും അദാനി എന്‍റര്‍പ്രൈസിന്‍റെ ഓഹരി 42 ശതമാനവുമാണ് വര്‍ധിച്ചത്.
ഏപ്രില്‍ അവസാനം തൊട്ട് ആഗോള തലത്തില്‍ തന്നെ സംഭവിച്ച ഓഹരി വിപണയുടെ തകര്‍ച്ച ഈ നേട്ടത്തിന്‍റെ ചെറിയ ശതമാനം നഷ്ടപ്പെടുത്തിയിട്ടുണ്ട്. യുദ്ധം തുടങ്ങിയതിന് ശേഷം അദാനിയുടെ വരുമാനം 25 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 106 ബില്യണ്‍ ഡോളറായും അംബാനിയുടെ ആസ്ഥി 8 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 92.4 ബില്യണ്‍ ഡോളറുമായാണ് ഉയര്‍ന്നതെന്ന് ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു. റിലയന്‍സിന്‍റെ വരുമാനത്തിന്‍റെ അറുപത് ശതമാനം എണ്ണ സംസ്‌കരണം, പെട്രോകെമിക്കല്‍സ് എന്നിവയില്‍ നിന്നാണ്. 2002 മുതല്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ റീട്ടേയില്‍, ടെലികമ്യൂണിക്കേഷന്‍സ് എന്നിവയില്‍ നിന്ന് കൂടി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്.
യുദ്ധം കാരണമുള്ള അസംസ്‌കൃത ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ് കാരണം ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള സമ്പന്നരുടെ സമ്പത്തും വര്‍ധിച്ചു. യുഎസിലെ ഇന്ധന ടൈക്കൂണ്‍ ആയ ഹറോള്‍ഡ് ഹമ്, റിച്ചാര്‍ഡ് കൈന്‍ഡര്‍, മൈക്കിള്‍ എസ് സ്‌മിത്ത് എന്നിവരും ഇന്തോനേഷ്യയിലെ ലോ ടക്ക് കോങ്ങും ആസ്ഥി വലിയ രീതിയില്‍ വര്‍ധിപ്പിച്ചു.