ന്യൂഡല്‍ഹി: തന്‍റെ എല്ലാ സിനിമകളും തന്നെ സംബന്ധിച്ച് മികച്ച ഓര്‍മകളെന്ന് മലയാളികളുടെ പ്രിയങ്കരനായ താരം ദുല്‍ഖര്‍ സല്‍മാന്‍. ഹിന്ദി സിനമികളിലേയ്‌ക്ക് ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് താരത്തിന്‍റെ പ്രതികരണം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളില്‍ മികവ് തെളിയിച്ച ദുല്‍ഖര്‍ സല്‍മാന്‍ 'കര്‍വാന്‍', 'ദി സോയ ഫാക്‌ട്' തുടങ്ങിയ രണ്ട് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ആര്‍ ബാല്‍ഖി സംവിധാനം ചെയ്‌ത റിലീസിനൊരുങ്ങുന്ന ‘ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ എന്ന ഹിന്ദി ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍. എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. തനിക്ക് ഇഷ്‌ടമുള്ള ചലചിത്ര മേഖലയാണ് ഹിന്ദിയെന്നും ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിക്കുന്ന തനിക്ക് ഹിന്ദിയില്‍ വ്യത്യസ്‌തമായ വേഷങ്ങള്‍ ചെയ്യാനാന്‍ താല്‍പര്യമെന്നും ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു.
കഥാപാത്രങ്ങള്‍ എക്കാലത്തും ഓര്‍മ്മിക്കണം:ഹിന്ദിയില്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ‘ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ സിനിമയുടെ രസകരമായ തിരക്കഥയാണ്. കൂടാതെ ചീനി കം, പാ, പാഡ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളുടെ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വളരെ മികച്ച അനുഭവമാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ചുപ്പ് സിനിമയുടെ സംവിധായകന്‍ ബാല്‍ഖിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.