പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ എറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ അപ്‌ഡേറ്റ് എത്തി. ദുല്‍ഖറിനെ (Dulquer Salmaan) നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലാണ് പുറത്തിറങ്ങിയത്. 'ലക്കി ഭാസ്‌ക്കര്‍' (Lucky Baskhar) എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ദുല്‍ഖറും വെങ്കി അറ്റ്‌ലൂരിയുമാണ് ടൈറ്റില്‍ പങ്കുവച്ചിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'ലക്കി ഭാസ്‌ക്കര്‍' റിലീസിനെത്തുന്നത്. തെലുഗു ചിത്രം 'സീതാരാമ'ത്തിനും ബോളിവുഡ് ചിത്രം 'ചുപ്പി'നും ശേഷമുള്ള ദുല്‍ഖര്‍ സല്‍മാന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'ലക്കി ഭാസ്‌ക്കര്‍'.
സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ജി.വി പ്രകാശ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. കേരളത്തില്‍ ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമയുടെ വിതരണം നിര്‍വഹിക്കുക.
അതേസമയം 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖറിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യുകയാണ്. 'കലാപക്കാര' എന്ന ഗാനമാണ് പുറത്തിറങ്ങുക. റിലീസിന് മുമ്പായി ഗാനത്തിന്‍റെ സ്‌നീക്ക് പീക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ഈ ഗാനത്തില്‍ ഡാന്‍സ് നമ്പറുമായി റിതിക സിംഗും അഭിനയിക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിലായാണ് ഗാനം റിലീസിനെത്തുന്നത്. ഹിന്ദിയില്‍ 'ജല ജല ഹേ' എന്നും, തമിഴില്‍ 'ഗലാട്ടാക്കാരന്‍' എന്നും, തെലുഗുവില്‍ 'ഹല്ലാ മച്ചാരെ' എന്ന ഗാനവുമാണ് പുറത്തിറങ്ങുക.
'കിംഗ് ഓഫ് കൊത്ത'യുടെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യേണ്ടി വന്ന വിവരം അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ ആദ്യ ബോളിവുഡ് ആല്‍ബം 'ഹീരിയേ'യുടെ റിലീസിനോടനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇതേകുറിച്ച് പറഞ്ഞത്.