പ്രേക്ഷകരുടെ ആകാംക്ഷയ്‌ക്ക് വിരാമം! നാളേറെയായി ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ചിത്രം 'കിംഗ് ഓഫ് കൊത്ത'യിലെ (King of Kotha) ആദ്യ ഗാനം 'കലാപക്കാരാ' (Kalapakkaara) എത്തി. 'കലാപക്കാരാ'യുടെ ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്.
ദുല്‍ഖറിന്‍റെ ഗംഭീര നൃത്ത ചുവടുകളാല്‍ സമ്പന്നമാണ് 'കലാപക്കാരാ'. ഈ ഐറ്റം നമ്പറില്‍ ദുല്‍ഖറിനൊപ്പം ചുവടുവയ്‌ക്കാന്‍ തെന്നിന്ത്യന്‍ താരം റിതിക സിങ്ങുമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനം റിലീസ് ചെയ്‌തത്.
മലയാളത്തില്‍ 'കലാപക്കാരാ' എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനത്തിന്‍റെ ഹിന്ദി, തമിഴ്, തെലുഗു പതിപ്പുകളും ഒരേസമയം റിലീസ് ചെയ്‌തിട്ടുണ്ട്. ഹിന്ദിയില്‍ 'ജല ജല ഹായ്', തമിഴില്‍ 'കലാട്ടക്കാരന്‍', തെലുഗുവില്‍ 'ഹല്ലാ മച്ചാരെ' എന്നി പേരുകളിലാണ് ഗാനം പുറത്തിറങ്ങിയത്. ജോ പോളിന്‍റെ ഗാന രചനയില്‍ ജേക്ക്‌സ് ബിജോയ്‌യുടെ സംഗീതത്തില്‍ ശ്രേയ ഘോഷാല്‍, ബെന്നി ദയാല്‍, ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ഈ അടിപൊളി പെപ്പി ഡാന്‍സ് നമ്പര്‍ ആലപിച്ചിരിക്കുന്നത്.
ഗാനത്തിന്‍റെ ലിങ്കുകള്‍ സഹിതം ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചു. ഒപ്പം ചെറിയൊരു അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'കിംഗ് ഓഫ് കൊത്തയില്‍ നിന്നുള്ള കലാപക്കാരായുടെ ഊർജസ്വലവും മികച്ചതുമായ നൃത്തച്ചുവടുകള്‍ ആസ്വദിക്കാൻ തയ്യാറാകൂ. ഈ ഗാനത്തിന് ഞങ്ങൾ ഗംഭീമായി നൃത്തം ചെയ്‌തു' -ഇപ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.
പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകര്‍ കമന്‍റ് ബോക്‌സ് നിറച്ചു. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്‍റെ സംവിധാനം. അഭിലാഷിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'.