മുംബൈ: തന്മയത്വമാർന്ന അഭിനയമികവുകൊണ്ട് മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച താര പുത്രനാണ് ദുൽഖർ സൽമാന്‍. താരപുത്രന്‍ എന്നതിലുപരി സ്വന്തം കഴിവുകൊണ്ട് കൂടിയാണ് നടന്‍ മോളിവുഡിന്‍റെ അവിഭാജ്യ ഘടകമായത്. ചാലു, കുഞ്ഞിക്ക, ഡിക്യൂ എന്നിങ്ങനെ വ്യത്യസ്‌തമായ പേരുകൾ വിളിച്ചാണ് സ്‌നേഹപൂർവ്വം മലയാളികൾ താരത്തെ സ്വീകരിച്ചത്. 2012ൽ പുറത്തിറങ്ങിയ സെക്കന്‍റ് ഷോയിലൂടെയാണ് സിനിമ ലോകത്തേക്ക് ദുൽഖർ രംഗപ്രവേശനം ചെയ്‌തത്.
ആദ്യ ചിത്രത്തിലൂടെ മോശമല്ലാത്ത പ്രകടനം കാഴ്‌ചവയ്‌ക്കാനും തുടർന്ന് പാന്‍ ഇന്ത്യന്‍ സ്‌റ്റാർ എന്ന ലേബലിൽ എത്താനും ദുൽക്കറിന് അധികസമയം വേണ്ടി വന്നില്ല. കാമുകനായും ജിന്നായും പൊലീസ് വേഷത്തിലെത്തിയും അങ്ങനെ വ്യത്യസ്‌ത കഥാപാത്രങ്ങൾക്കൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ ദുൽഖറിന് സാധിച്ചു.
പരാജയത്തിന്‍റെ കയ്‌പ്പേറിയ ചിത്രങ്ങൾ താരത്തിന്‍റെ സിനിമ ജീവിതത്തിൽ വളരെ കുറവായിരുന്നു എന്നതും അഭിനന്ദനാർഹമാണ്. പ്രണയവും വിരഹവും എന്നുവേണ്ട വില്ലനിസവും താരത്തിന്‍റെ കൈകളിൽ ഭദ്രമായിരുന്നു. ഭാഷാഭേദമന്യേ ശ്രദ്ധേയമായ അഭിനയമികവുക്കൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര മേഖലയിൽ നിറം മങ്ങാതെ ഒരുപിടി നല്ല ചിത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്.
ഏത് കഥാപാത്രവും അനായാസം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ദുൽഖർ സൽമാന്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ റൊമാന്‍റിക് ഹീറോ എന്ന പ്രതിച്ഛായയ്ക്കപ്പുറം താന്‍ വളരേണ്ടതുണ്ടെന്നും താന്‍ നേടിയ പക്വത തന്‍റെ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രതിഫലിക്കട്ടെ എന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ് താരം.
കഴിഞ്ഞ മാസം 40 വയസ്സുകഴിഞ്ഞ നടന്‍ തന്‍റെ ജീവിതത്തിന്‍റെ അടുത്ത ദശകത്തിൽ ഒരു റൊമാന്‍റിക് ഹീറോ ആയി അതിജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായും റൊമാന്‍റിക് ഹീറോയ്ക്കപ്പുറം താന്‍ കൂടുതൽ കാര്യങ്ങൾ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഞാനിപ്പോൾ 40ാം വയസ്സിലേക്ക് കടക്കുകയാണ്, ഇതൊരു ചവിട്ടുക്കൊടുക്കാനുളള സമയമാണ്. ഏതെങ്കിലും തരത്തിൽ ഈ കലാരൂപത്തെ പെട്ടിയിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഭയപ്പെടുത്തുന്നതെന്തും ഞാന്‍ ആഗ്രഹിച്ചിടത്താണുളളതെന്നും ഞാന്‍ എന്നെ തന്നെ തളളിവിടാന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷങ്ങളിലായി മണിരത്നത്തിന്‍റെ തമിഴിലെ സൂപ്പർഹിറ്റ് ചിത്രമായ ഒകെ കണ്‍മണി, തെലുഗു ചിത്രം സീതാരാമം, ഹിന്ദിയിലെ ദി സോയ ഫാക്‌ടർ തുടങ്ങിയ പ്രണയ ചിത്രങ്ങളിൽ കാമുകനായി നിറഞ്ഞാടാന്‍ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. ദുൽഖറിന്‍റെ പ്രണയ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.