തീപിടിത്തത്തിൽ ദമ്പതികൾ മരിച്ചു ദുബായ് : യുഎഇയിൽ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികളുൾപ്പടെ 16 പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്‌ച ദേര ഫിർജ് മുറാറിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷ് (38) ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളി ദമ്പതികൾ.
തമിഴ്‌നാട് സ്വദേശികളടക്കം നാല് ഇന്ത്യക്കാര്‍ക്ക് അപകടത്തില്‍ ജീവഹാനിയുണ്ടായി. ഇവരെ കൂടാതെ പത്ത് പാകിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കക്കാരുമാണ് മരിച്ചത്. പരിക്കേറ്റവരെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് തീ പടർന്ന് മറ്റ് നിലകളിലേയ്‌ക്ക് വ്യാപിക്കുകയായിരുന്നു. ദുബായ് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് നിന്നുള്ള സംഘം തീപിടിത്തമുണ്ടായ സ്ഥലത്ത് എത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്‍റെ മുറിയിലേക്ക് പുക പടർന്നതിനെ തുടർന്ന് അത് ശ്വസിച്ചാണ് ദമ്പതികൾ മരണപ്പെട്ടത്.
രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം. ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്‍റ് സ്‌കൂൾ അധ്യാപികയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ പോർട്ട് സയീദ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരും ഹംരിയ ഫയർ സ്‌റ്റേഷനിൽ നിന്നുള്ള സംഘവും ഏർപ്പെട്ടിരുന്നു.
പ്രാദേശിക സമയം 12.35 ഓടെ ഉണ്ടായ അഗ്‌നിബാധ 2.42 ഓടെ അണച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ദുബായ് പൊലീസ്, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, മരിച്ചവരുടെ ബന്ധുക്കൾ എന്നിവരുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഏകോപനം നടത്തി വരികയാണെന്ന് നസീർ വാടാനപ്പള്ളി പറഞ്ഞു. കെട്ടിടത്തിന് മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ദുബായ് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.